കൊച്ചി: സ്വന്തം മണ്ണിൽ ബെംഗളുരുവിനെതിരെ നാണം കെട്ട തോൽവി ഏറ്റുവാങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് ബെംഗളൂരു എഫ്സിയുടെ വിജയം. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം പ്രീതം കോട്ടാലും ഗോൾകീപ്പർ സോംകുമാറും വരുത്തിയ അബദ്ധങ്ങളാണ് ബെംഗളുരുവിന്റെ ജയത്തിനു വഴിയൊരുക്കിയത്.(ISL: Bengaluru FC beats Kerala Blasters)
ബെംഗളൂരുവിനായി എഡ്ഗർ മെൻഡസ് ഇരട്ട ഗോളുകൾ നേടി. കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ബെംഗളൂരു ഗോൾ വേട്ട ആരംഭിച്ചു. മുൻ ബ്ലാസ്റ്റേഴ്സ് താരമായ പെരേര ഡിയാസാണ് ലീഡ് സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം പ്രീതം കോട്ടാലിന്റെ പിഴവാണ് ഗോളിനു വഴിയൊരുക്കിയത്. കൊമ്പൻമാരുടെ ഗോൾ കീപ്പർ സോം കുമാറിൽ നിന്നു പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനു പകരം ഡിയാസിനെ വെട്ടിക്കാൻ ശ്രമിച്ചതാണ് വിനയായത്.
ആദ്യ പകുതി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ കൊമ്പൻമാർ വല ചലിപ്പിച്ചു. ജീസസ് ജിമെനസാണ് ഗോൾ നേടിയത്. പെനാൽറ്റിയിൽ നിന്നാണ് ഗോളിന്റെ പിറവി. ബെംഗളൂരു ബോക്സിലേക്കു കയറിയ ക്വാമി പെപ്രയെ രാഹുൽ ഭേകെ വീഴ്ത്തിയതിനായിരുന്നു അനുകൂല കിക്ക്.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് ആക്രമണം തുടരുന്നു. എന്നാൽ 74ാം മിനിറ്റിൽ ആൽബർട്ടോ നൊഗ്വേര എടുത്ത ഫ്രീ കിക്ക് അനായാസം തടുക്കാമെന്ന ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സോം കുമാറിനു അബദ്ധം പറ്റി. താരത്തിന്റെ കൈയിൽ നിന്നു പന്ത് വഴുതി. തൊട്ടു മുന്നിലുണ്ടായിരുന്ന മെൻഡസ് പന്ത് അനായാസം വലയിലെത്തിച്ചു.
കടുത്ത ആക്രമണം ഇഞ്ച്വറി സമയത്തും ബ്ലാസ്റ്റേഴ്സ് തുടരുന്നതിന്റെ പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ബെംഗളൂരുവിന്റെ മൂന്നാം ഗോളും പിറന്നു. മെൻഡസിന്റെ ലോങ് ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്ക് മേൽ അവസാന ആണിയടിച്ചു.
ഇന്നത്തെ വിജയത്തോടെ അപരാജിത കുതിപ്പ് തുടരുകയാണ് ബെംഗളൂരു. ആറിൽ അഞ്ചാം ജയമാണ് അവർ സ്വന്തമാക്കിയത്. ഒരു മത്സരം സമനിലയിൽ. 16 പോയിൻറുമായി ഒന്നാം സ്ഥാനത്താണ് അവർ. ബ്ലാസ്റ്റേഴ്സിൻറെ സീസണിലെ രണ്ടാം തോൽവിയാണിത്. രണ്ട് വീതം ജയം, സമനില, തോൽവിയുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് തുടരുന്നു.