കോട്ടയത്തെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊല കേസിലെ പ്രതി അമിതിനെ കുടുക്കിയത് ഇൻസ്റ്റഗ്രാമിനോടുള്ള ആരാധന. ഗൂഗിൾ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള അമിതിന്റെ ശ്രമം പാളിയതോടെയാണ് പോലീസ് പിടിമുറുക്കിയത് .
ഫോണിലെ ഗൂഗിൾ അക്കൗണ്ട് ട്രാക്ക് ചെയ്ത് പൊലീസ് തന്നെ കണ്ടെത്താതിരിക്കാൻ അമിത് ശ്രമിച്ചിരുന്നു. സ്വന്തം ഫോണിലെ ഇന്റർനെറ്റ് ഉപയോഗിക്കാതെ സുഹൃത്തിന്റെ വൈഫൈ ഉപയോഗിച്ച് ഗൂഗിൾ അക്കൗണ്ട് ഫോണിൽനിന്നു ഡീ ആക്ടിവേറ്റ് ചെയ്തു.
എന്നാൽ, ഇൻസ്റ്റഗ്രാം തുറക്കാനുള്ള ശ്രമമാണ് പൊലീസിനെ പ്രതിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്താൻ സഹായിച്ചത്. ഗൂഗിൾ ലോഗ് ഔട്ട് ചെയ്ത ശേഷം അമിത് സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി. എന്നാൽ ഗൂഗിൾ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള അമിതിന്റെ ശ്രമം പൊലീസ് സൈബർ വിങ് മനസ്സിലാക്കി. അങ്ങനെ പ്രതിയുടെ ലൊക്കേഷൻ വിവരം കണ്ടെത്തി. ഇതാണു പ്രതിയെ കുടുക്കിയത്.
മോനുജ് ഉറാങ് 05 എന്ന പേരിലുള്ള അക്കൗണ്ടാണ് പ്രതിയുടേത്. പ്രൈവറ്റ് അക്കൗണ്ടായ ഇതിന്റെ പേര് 7 തവണ മാറ്റിയിട്ടുണ്ട്. 62 പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. 1082 ഫോളോവേഴ്സുണ്ട്. 2060 പേരെ പിന്തുടരുന്നുമുണ്ട്.പ്രതിയുടെ പക്കൽ നിന്ന് 8 സിം കാർഡുകളും 5 മൊബൈൽ ഫോണുകളും പൊലീസ് കണ്ടെത്തി.
സിം ഊരി മാറ്റി പ്രവർത്തനരഹിതമായ സിം ആണ് അമിത് ഫോണിൽ ഇട്ടിരുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകൾ മനസ്സിലാക്കിയ പൊലീസ് ഇതു കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. കൃത്യതയോടെയുള്ള ഈ അന്വേഷണമാണ് പ്രതിയെ ഒടുവിൽ കുടുക്കിയത്.