ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് പൂജപ്പുര പൊലീസ് കേസെടുത്തിരിക്കുന്നത്. (Instagram Influencer Suicide; Boyfriend arrested, POCSO charged against him)
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ യുവാവിനെതിരെ കേസെടുത്തത്. മുന്‍പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും അച്ഛന്‍ പറഞ്ഞു.
തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയാണ് മരിച്ച പെണ്‍കുട്ടി. തിരുവനന്തപുരത്തെ കോൺവെന്റ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.
അടുത്തിടെ ബിനോയിയുമായുള്ള സൗഹൃദം പെണ്‍കുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പോസ്റ്റുകള്‍ക്കും റീലുകള്‍ക്കും താഴെ അധിക്ഷേപ കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ മകളുടെ മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ബിനോയിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പെണ്‍കുട്ടിയുമായുള്ള ബന്ധവുമായി ബന്ധപ്പെട്ട ബിനോയിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
Read More: റോഡിൽ കാറുമായി അഭ്യാസ പ്രകടനം കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ; വീഡിയോ കാണാം