ഇടുക്കിയിൽ ഭീതി പരത്തി ഏലത്തോട്ടങ്ങളിൽ പ്രാണി
ഇടുക്കിയിൽ വെട്ടുകിളികൾ എന്ന് കർഷകർ ഭയന്ന പ്രാണിയെ ഒടുവിൽ തിരിച്ചറിഞ്ഞു. തോട്ടങ്ങളിൽ വ്യാപകമായി കാണുന്ന ആ ഇത്തിരിക്കുഞ്ഞൻ വെട്ടുക്കിളിയല്ല, പുള്ളി പുൽച്ചാടികളാണ്.
ഇവ ഇലകളിൽ ഇരുന്ന് നീര് കുടിക്കാറുണ്ടെങ്കിലും ഏലത്തെ നശിപ്പിക്കും വിധം കാര്യമായ കേടുപാടുകൾ ഉണ്ടാക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
തൂവൽ, മാവടി, മഞ്ഞപ്പാറ, ഈട്ടിത്തോപ്പ് എന്നിവിടങ്ങളിലാണ് വ്യാപകമായി ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടു മാസമായി ചെറിയ തോതിൽ ഇവയെ കാണാറുണ്ടായിരുന്നെങ്കിൽ, അടുത്തിടെ ഇവയുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് കർഷകരിൽ ആശങ്ക പടർത്തിയിരുന്നു.
പ്രതികൂല കാലാവാസ്ഥയേയും ഉത്പാദനക്കുറവിനെയും നിരന്തര രോഗ ബാധകളെയുമെല്ലാം അഭിമുഖീകരിക്കുന്നത തങ്ങൾക്ക് ഈ ചെറു പ്രാണികൾ ഇരുട്ടടി ആകുമോ എന്ന ആശങ്ക പലരും പങ്കുവച്ചിരുന്നു.
എന്നാൽ ഇവ വെട്ടുക്കിളികളല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നെടുങ്കണ്ടം മേഖലയിലെ ഏലത്തോട്ടങ്ങളിൽ ഈ പുള്ളി പുൽച്ചാടികളുടെ സാന്നിധ്യം എല്ലാക്കൊല്ലവും പതിവാണ്. ഇവ കാര്യമായ നാശം വിതയ്ക്കാറില്ല. അതിനാൽ ആശങ്ക വേണ്ട.
കൂട്ടമായി കാണപ്പെടുന്നതും കാഴ്ചയിലെ സാമ്യതയും ഇവയെ വെട്ടുക്കിളികളായി തെറ്റുധരിപ്പിക്കപ്പെടാൻ കാരണമാകുന്നു. ഇവ യഥാർഥത്തിൽ വെട്ടുകിളികളോ അവയുടെ കുടുംബത്തിൽ പെടുന്നവയോ അല്ല.
വെട്ടുകളികൾ ഷഡ്പദങ്ങളിൽ അക്രിഡിഡേ കുടുംബത്തിൽപ്പെടുന്നവയാണ്. എന്നാൽ ഓലാർക്കസ് മിലിയാരിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പുള്ളിപ്പുൽച്ചാടികൾ, പിർഗോമോർഫിഡേ കുടുംബത്തിലാണ് ഉൽപ്പെടുന്നത്.
മണ്ണിൽ ഉള്ള പുള്ളി പുൽച്ചാടികളുടെ മുട്ടകൾ ഈ സമയങ്ങളിലാണ് വിരിയുന്നത്. അതാണ് ഇവയെ കൂടുതൽ എണ്ണത്തിൽ കാണാൻ കഴിയുന്നത്.
വേപ്പ് അധിഷ്ടിത കീടനാശിനികൾ മണ്ണിൽ പ്രയോഗിച്ചാൽ ഇവ പെരുകുന്നത് നിയന്ത്രിക്കാം.









