യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്
യുകെയിലെ എസക്സിൽ നടന്ന ഭയാനക റോഡ് അപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. റെയ്‌ലി സ്പർ റൗണ്ട്എബൗട്ടിൽ രണ്ട് കാറുകൾ തമ്മിലുണ്ടായ കൂട്ടിയിടിയിലാണ് ദുരന്തം നടന്നത്.
ഒൻപത് വിദ്യാർത്ഥികളടങ്ങിയ സംഘം രണ്ട് കാറുകളിലായി ഗണേശ വിഗ്രഹ നിമജ്ജനം നടത്തിയ ശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 4.15 ഓടെയാണ് അപകടം നടന്നത്.
അപകടത്തിൽ ചൈതന്യ താരെ (23) സംഭവസ്ഥലത്തും ഋഷിതേജ റാപോളു (21) ആശുപത്രിയിലും വച്ചാണ് മരിച്ചത്.
പരുക്കേറ്റ സായി ഗൗതം റവുള്ള (30), നൂതൻ തടികായല (20–23 വയസ്), യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സായി ഗൗതം റവുള്ള, നൂതൻ തടികായല എന്നിവരുടെ നില അതീവ ഗുരുതരമാണ്.
കാറുകൾ ഓടിച്ചിരുന്ന ഗോപിചന്ദ് ബട്ടമേക്കാല (23), മനോഹർ സബ്ബാനി (24) എന്നിവരെ എസക്സ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് സാധുവായ ഡ്രൈവിങ് ലൈസൻസ് ഇല്ലായിരുന്നുവെന്നതാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുടുംബങ്ങൾ അഭ്യർഥിച്ചു.
വിദ്യാഭ്യാസ സ്വപ്നങ്ങളുമായി യുകെയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സംഭവിച്ച ഈ ദുരന്തം, പ്രവാസി സമൂഹത്തെയും നാട്ടിലെ കുടുംബങ്ങളെയും നടുക്കിയിരിക്കുകയാണ്.
വിദ്യാർത്ഥികളുടെ സുരക്ഷയും നിയമാനുസൃതമായ വാഹനയാത്രയും ഉറപ്പാക്കുന്നതിന്റെ ആവശ്യകതയെ ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.
ടെക്‌സസിലെ വീടിനുള്ളിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; യുവതിയോടൊപ്പം താമസിച്ചിരുന്ന വ്യക്തി പിടിയിൽ
ടെക്‌സസിലെ ഫോർട്ട് വർത്തിൽ വീട്ടിനുള്ളിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് യെഗർ സ്ട്രീറ്റിലെ ഒരു വീടിന്റെ കിടപ്പുമുറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
തലയിൽ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. യുവതിയോടൊപ്പം താമസിച്ചിരുന്ന വ്യക്തിയെയാണ് പ്രതിയായി പൊലീസ് തിരിച്ചറിഞ്ഞത്. പിന്നീട് പടിഞ്ഞാറൻ സെൻട്രൽ ടെക്‌സസിൽ വെച്ച് ഇയാളെ പൊലീസ് പിടികൂടി.
എന്നാൽ, മരിച്ച യുവതിയുടേയും അറസ്റ്റിലായ പ്രതിയുടേയും പേരും മറ്റ് വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുകെയിൽ കോട്ടയം സ്വദേശിയായ യുവാവിനെ കടിച്ചുകീറി നായ്ക്കൾ; ജീവനോടെ രക്ഷപ്പെട്ടത് അതിസാഹസികമായി; ഉടമസ്ഥ അറസ്റ്റിൽ
വെയിൽസിൽ മലയാളി യുവാവിനെ നായ്ക്കളുടെ ആക്രമണം ഗുരുതരമായി പരിക്കേൽപ്പിച്ചു. സ്വന്തം വീടിന് മുന്നിൽ എത്തിയപ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ നായ്ക്കൾ ആക്രമിച്ചത്.
നെഞ്ച്, വയറ്, കൈകാലുകൾ, തലയുടെ ഇടതു വശം തുടങ്ങി ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ യുവാവ് ഉടൻ പൊലീസിനെ സമീപിച്ചു. ഇരുപത് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയ പൊലീസ്-ആംബുലൻസ് സംഘം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
റെക്സ്ഹാമിൽ നടന്ന ഈ ആക്രമണം ‘ബുൾഡോഗ്’ ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കൾ ചേർന്നാണ് നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ആക്രമണത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത് സാഹസികമായിരുന്നുവെന്നാണ് സൂചന.
രണ്ടുവർഷം മുൻപ് യുകെയിൽ എത്തിയ കോട്ടയം സ്വദേശിയായ യുവാവ്, ഒരു മാസം മുമ്പാണ് ഇംഗ്ലണ്ടിൽ നിന്ന് വെയിൽസിലേക്ക് താമസം മാറിയത്.
അയൽവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് രാത്രി 11 മണിയോടെ മടങ്ങിവരവേയാണ് ആക്രമണം സംഭവിച്ചത്. ഏകദേശം ഇരുപതോളം വീടുകൾ ഉള്ള പ്രദേശത്താണ് സംഭവം.
നായ്ക്കളുടെ ഉടമയായ സ്ത്രീയും പങ്കാളിയും നായ്ക്കളുമായി പുറത്തിറങ്ങിയിരിക്കുകയായിരുന്നു. ആദ്യം വഴിയിലൂടെ പോയ സൈക്കിൾ യാത്രക്കാരനെ ആക്രമിച്ച നായ്ക്കൾ പിന്നീട് മലയാളി യുവാവിനെതിരെ തിരിഞ്ഞു.
വീടിന്റെ ഉള്ളിലേക്ക് ഓടി ചേക്കേറുന്നിടത്തോളം നായ്ക്കൾ പിന്തുടർന്ന് കടിച്ചുകീറി. എന്നാൽ വീടിനുള്ളിൽ ഉണ്ടായിരുന്ന ഭാര്യയെയും കുട്ടികളെയും യുവാവിന് രക്ഷപ്പെടുത്താൻ കഴിഞ്ഞു.
സംഭവത്തിന് പിന്നാലെ നായ്ക്കളുടെ ഉടമയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. നായ്ക്കളെ കസ്റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു.