സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി
പുതുവര്‍ഷം ആഘോഷിക്കാന്‍ സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കരാസനി ഹരികൃഷ്ണ റെഡ്ഡി (24)യെയാണ് കാണാതായത്.
ക്രിസ്മസ് അവധിക്കാലത്ത് പൊതുഗതാഗതം ഉപയോഗിച്ചാണ് ഹരികൃഷ്ണ അലാസ്കയിലേക്ക് യാത്ര തിരിച്ചത്.
ഡിസംബര്‍ 30നാണ് ഹരി അവസാനമായി സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചത്. അലാസ്കയിലെ ഡെനാലിയില്‍ ഒരു ഹോട്ടലിലാണ് ഹരി താമസിച്ചിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ഡിസംബര്‍ 31ന് ഇവിടെ നിന്നാണ് ഹരിയുടെ മൊബൈല്‍ ഫോണിന് അവസാനമായി സിഗ്നല്‍ ലഭിച്ചത്.
നാളുകളോളം വിവരമൊന്നും ലഭിക്കാതായതോടെ സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവയ്ക്കുകയും ചെയ്തു.
കണ്ടെത്തുന്നവര്‍ വിവരം അറിയിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് പോസ്റ്ററുകളും പ്രചരിപ്പിക്കുന്നത്.
ഡിസംബര്‍ 31ന് അലാസ്കയില്‍ മൈനസ് 40 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഇത്തരമൊരു കടുത്ത കാലാവസ്ഥയില്‍ സാധാരണയായി വിനോദസഞ്ചാരികള്‍ അലാസ്ക സന്ദര്‍ശിക്കാറില്ല.
ഹരി എന്തിനാണ് അലാസ്കയിലേക്ക് പോയതെന്നതിനെക്കുറിച്ച് വ്യക്തതയില്ല. വിന്റര്‍ സ്പോര്‍ട്സിനായോ ധ്രുവദീപ്തി (ഓറോറ) കാണാനായോ ആയിരുന്നോ യാത്ര എന്നതില്‍ സുഹൃത്തുക്കള്‍ക്കും സംശയമാണ്.
ഹൂസ്റ്റണില്‍ നിന്ന് യാത്രതിരിക്കുമ്പോള്‍ താന്‍ ഡെനാലിയില്‍ താമസിക്കുന്നുവെന്നും ജനുവരി നാലോടെ മടങ്ങിവരുമെന്നുമാണ് ഹരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.
പ്രദേശത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് പരിമിതമായതിനാലാകാം വിളിക്കാതിരുന്നതെന്ന് ആദ്യം കരുതിയിരുന്നെങ്കിലും, ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രാദേശിക ടാക്സി സേവനം ഉപയോഗിച്ചതായി കണ്ടെത്തി.
ഇതോടെയാണ് കാണാതായെന്ന സംശയം ശക്തമായത്.
ഹരി ഫെയര്‍ബാങ്ക്സ് മേഖലയിലേക്ക് പോയിട്ടുണ്ടാകാമെന്നാണ് അലാസ്ക പോലീസ് സംശയിക്കുന്നത്.
അമേരിക്കയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഏകദേശം രണ്ടായിരത്തോളം പേര്‍ അലാസ്കയില്‍ കാണാതാകുന്നുണ്ട്. ഇവരില്‍ പലരുടെയും മൃതദേഹങ്ങള്‍ പോലും കണ്ടെത്താനായിട്ടില്ല.
English Summary
An Indian student who went on a solo trip to celebrate the New Year has gone missing in the United States. Karasani Harikrishna Reddy (24), a native of Guntur in Andhra Pradesh, travelled to Alaska during the Christmas holidays. He was last in contact with friends and family on December 30, with his phone signal last traced to Denali on December 31. Friends alerted police after prolonged silence and suspicious credit card activity. Alaska Police suspect he may have travelled towards Fairbanks. Authorities note that thousands go missing in Alaska each year, many never to be found.
indian-student-missing-us-alaska-solo-new-year-trip
Indian student, Alaska, missing case, solo trip, United States, Denali, Fairbanks, Andhra Pradesh, international news









