മുംബൈ: റെയിൽവേ സ്റ്റേഷനുകളിലെ തിരക്കും ആൾക്കൂട്ടവും ഒഴിവാക്കുവാൻ പ്ലാറ്റ്ഫോം ടിക്കറ്റിൽ നിയന്ത്രണങ്ങൾ restrictions on platform tickets ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ Indian Railways. ദീപാവലി ആഘോഷവും ഛത്ത് പൂജയും കണക്കിലെടുത്ത് ഏറെ യാതാത്തിരക്ക് അനുഭവപ്പെടുന്ന സമയത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ വേഗത്തിലുള്ള സഞ്ചാരം ഉറപ്പാക്കുന്നതിനുമായാണ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവച്ചത്.
യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകൾക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റേൺ റെയിൽവേ. ബാന്ദ്ര ടെർമിനൽസിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റ് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ അറിയിപ്പ്.
യാത്രക്കാർക്ക് ഒരു നിശ്ചിത ലഗേജ് ചാർജില്ലാതെ കൊണ്ടുപോകാൻ അനുവാദമുണ്ട്. എന്നാൽ സ്‌കൂട്ടറുകൾ, സൈക്കിളുകൾ, 100സെ.മീX100സെ.മീX70 സെ.മീ ൽ കൂടുതലുള്ള ചരക്കുകൾ എന്നിവ കൊണ്ടുപോകാൻ അനുമതിയില്ലെന്ന് റെയിൽവേ അറിയിച്ചു.
അനുവദിച്ചിട്ടുള്ള ലഗേജ് പരിധികൾ പാലിക്കാനും ട്രെയിൻ ഷെഡ്യൂളുകൾ അനുസരിച്ച്, ആവശ്യത്തിനനുസരിച്ച് മാത്രം സ്റ്റേഷൻ പരിസരത്ത് പ്രവേശിക്കാനും എല്ലാ യാത്രക്കാരോടും റെയിൽവെ അഭ്യർഥിച്ചു. സ്‌റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനുമാണ് ഇത്തരം നിർദേശങ്ങൾ. നിർദേശം ഉടൻ പ്രാബല്യത്തിൽ വരും.
ഉത്സവസീസണുകളിൽ ബാന്ദ്ര ടെർമിനൽസ്, വാപി, വൽസാദ്, ഉദ്‌ന, സൂറത്ത് എന്നിവിടങ്ങളിലെ പാഴ്‌സൽ ഓഫീസുകളിൽ പാഴ്‌സൽ ബുക്കിങിൽ ഗണ്യമായ വർധനയുണ്ടായി. പ്ലാറ്റ്‌ഫോമുകളിൽ അടുക്കി വെച്ചിരിക്കുന്ന പാഴ്‌സലുകൾ മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും റെയിൽവെ പറഞ്ഞു. ദീർഘനേരം പാഴ്‌സലുകൾ ഇങ്ങനെ വെക്കരുതെന്നും നിർദേശമുണ്ട്.
പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ നൽകുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച മുംബൈയിലെ ബാന്ദ്ര ടെർമിനൽസിൽ അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനിൽ കയറാനുള്ള തിരക്കിനിടയിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് തിരക്ക് നിയന്ത്രിക്കുന്നതിനാണ് വെസ്റ്റേൺ റെയിൽവേയുടെ പുതിയ നിർദേശങ്ങൾ.