ദില്ലി : തദ്ദേശീയമായി നിർമ്മിച്ച മിഡ്‌ജെറ്റ് അന്തർവാഹിനികളുമായി ഇന്ത്യൻ നേവി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിഡ്ജെറ്റ് അന്തർവാഹിനികളെ അണ്ടർ വാട്ടർ രഥങ്ങളെന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത്. കടലിനടിയിലൂടെയുള്ള സൈനീക നീക്കത്തിന് വേഗത കൂട്ടുന്നതാണ് പുതിയ മിഡ്ജെറ്റ് അന്തർവാഹിനികൾ. ആറ് സൈനീകരെ വഹിക്കാൻ കഴിയുന്ന അന്തർവാഹിനികൾ മറ്റ് യുദ്ധവാഹനങ്ങളിൽ നിന്നും വ്യത്യസ്ഥമായി ലിഥിയം അയൺ ബാറ്ററികളിലാണ് പ്രവർത്തിക്കുന്നത്.വൻ അന്തർവാഹിനികൾ എത്തിപ്പെടുന്നത് അസാധ്യമാക്കുന്ന ആഴം കുറഞ്ഞ നദികളിൽ നിരീക്ഷണം നടത്താൻ കഴിയുന്നതാണ് പുതിയ വാഹനം. എതിരാളികളുടെ തുറമുഖത്തുള്ള കപ്പലുകളും കമാൻണ്ടോ രീതിയിൽ ആക്രമിക്കുന്നതുൾപ്പെടെയുള്ള ദൗത്യങ്ങൾക്ക് പ്രയോജനകരമാണ് മിഡ്ജെറ്റ് അന്തർവാഹിനികൾ.
സമാനമായ രീതിയിലുള്ള ഇറ്റാലിയൻ നിർമ്മിത അന്തർവാഹിനികൾ നാവികസേന ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഇന്ത്യയുടെ അതിർത്തികൾ മനസിലാക്കി തദേശിയമായി നിർമിച്ച വാഹനം നാവികസേനയ്ക്ക് ലഭിക്കുന്നത് ആദ്യമായാണ്. രണ്ട് അന്തർവാഹിനികൾ നിർമ്മിക്കാൻ 2012-ൽ പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം നിർമിച്ച് കിട്ടിയതാണ് പുതിയ അന്തർവാഹിനികളെന്നാണ് വിവരം. നിലവിൽ പരീക്ഷണങ്ങൾക്കായി പ്രോട്ടോടൈപ്പാണ് നാവികസേനയ്ക്ക് ലഭിച്ചിരിക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് ശേഷം പന്ത്രണ്ട് എണ്ണമെങ്കിലും വാങ്ങുമെന്നാണ് സൂചന.
മുങ്ങൽ വിദഗ്ധരായ സൈനീകർക്ക് മിഡ്ജെറ്റ് അന്തർവാഹിനികളിൽ വലിയ ഓക്സിജൻ സിലിണ്ടർ കൊണ്ട് പോകാൻ കഴിയും.കൂടുതൽ സമയം വെള്ളത്തിനടിയിൽ തമ്പടിക്കാൻ ഇത് വഴി സാധിക്കും. കപ്പലുകളിൽ നിന്നോ അന്തർവാഹിനികളിൽ നിന്നോ വിക്ഷേപിക്കാവുന്ന സ്വയം ഓടിക്കുന്ന വാഹനങ്ങളാണിത്. ഓരോ വാഹനങ്ങളുടെ വലിപ്പവും അവ ചെയ്യേണ്ട ജോലിയും അനുസരിച്ചാണ് ഇവയെ തരം തിരിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ മനുഷ്യനെ ഘടിപ്പിച്ച ടോർപ്പിഡോകളെ രഥങ്ങൾ എന്നാണ് വിളിച്ചിരുന്നത്.