വാഷിങ്ടൺ: ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ ന്യൂയോർക്ക് കോടതി അഴിമതി കുറ്റം ചുമത്തി.
ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ് ആരോപണം. അദാനിക്കെതിരെ അമേരിക്കയിലാണ് കേസെടുത്തത്.
ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകൾ ലഭിക്കാൻ അദാനി കൈക്കൂലി നൽകിയെന്നാണ് ആക്ഷേപം.
ഗൗതം അദാനിക്ക് പുറമേ അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സാഗർ അദാനിയും വിനീത് ജെയ്‌നുമാണ് കേസിലെ മറ്റു പ്രതികൾ.
രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്നാണ് പരാതി.
അദാനി കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യു.എസ്. ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു.
ഇത് ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തു. അഴിമതി, വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.