ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി സഞ്ജു സാംസണ്‍. 47പന്തില്‍ 9 സിക്‌സും 7 ഫോറുമായാണ് താരം സെഞ്ച്വറി തികച്ചത്. ഇതോടെ ടി 20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും സഞ്ജു സാംസൺ സ്വന്തമാക്കി.(india vs south africa t20; sanju samson hit century)
ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം തേടുന്ന അതിവേഗ സെഞ്ച്വറി കൂടിയാണ് സഞ്ജുവിന്റേത്. 50 പന്തുകൾ നേരിട്ട സഞ്ജു 107 റൺസെടുത്താണ് താരം പുറത്തായത്. സെഞ്ച്വറിക്കുശേഷം എൻകബയോംസി പീറ്ററിനെ വീണ്ടും സിക്സിന് പറത്തിയതിനെ തുടർന്ന് അടുത്ത പന്തും സിക്സ് അടിക്കാനുള്ള താരത്തിന്റെ ശ്രമം പാളുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റന്‍ സ്റ്റബ്സ് ആണ് സഞ്ജുവിന്റെ റൺവേട്ട അവസാനിപ്പിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടപെട്ടാണ് ഇന്ത്യ ആദ്യം ബാറ്റിങിനിറങ്ങിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (17 പന്തിൽ 21), തിലക് വർമ (18 പന്തിൽ 33) എന്നിവരും ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. റിങ്കു സിങ് (ഒൻപതു പന്തിൽ 11) അക്ഷർ പട്ടേൽ (ഏഴു പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ (ആറു പന്തിൽ രണ്ട്), അഭിഷേക് ശർമ്മ(ഏഴ്), അർഷ്ദീപ് സിങ് (നാലു പന്തിൽ അഞ്ച്), രവി ബിഷ്ണോയി (മൂന്ന് പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 203 റണ്‍സ് ആണ് വിജയലക്ഷ്യം.