റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 307 റൺസിന് പുറത്ത്. ഇംഗ്ലണ്ടിനേക്കാൾ 46 റൺസിന്റെ പിന്നിലാണ് നിലവിൽ ഇന്ത്യ. ധ്രുവ് ജുറേലിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ സ്കോർ 300 കടത്തിയത്. സെഞ്ച്വറിക്കരികെ 90 റൺസുമായാണ് താരം പുറത്തായത്.
ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയത്. ധ്രുവ് ജുറേലും കുൽദീപ് യാദവും തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 76 റൺസ് കൂട്ടിച്ചേർത്തു. കുൽദീപ് 131 പന്തിൽ 28 റൺസെടുത്ത് പുറത്തായി. അപ്പോൾ 49 റൺസ് മാത്രമാണ് ജുറേലിന് ഉണ്ടായിരുന്നത്. ആകാശ് ദീപിനെ കൂട്ടുപിടിച്ച് പിന്നീട് ജുറേൽ പോരാടുകയായിരുന്നു.
ഒരു സിക്സ് ഉൾപ്പടെ ഒമ്പത് റൺസുമായി ആകാശ് ദീപ് മടങ്ങി. ഇതോടെ ഷുഹൈബ് ബഷീർ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ ടോം ഹാർട്ട്ലിയുടെ പന്തിൽ ജുറേൽ ക്ലീൻ ബൗൾഡായി. എങ്കിലും ഏഴിന് 177 എന്ന നിലയിൽ തകർന്ന ഇന്ത്യയെ 300 കടത്തിയാണ് ധ്രുവ് കളം വിട്ടത്.