റാഞ്ചി: നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ സ്പിന്നർമാക്കു മുന്നിൽ അടിപതറി ഇംഗ്ലണ്ട് ബാറ്റിങ് നിര. ആർ.അശ്വിനും കുൽദീപ് യാദവും ചേർന്ന് ഇംഗ്ലണ്ടിനെ 145 നു ഒതുക്കുകയായിരുന്നു. 60 റൺസ് നേടിയ സാക്ക് ക്രൗളിയാണ് ടോപ് സ്‌കോറർ. 192 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. ആദ്യ ഇന്നിങ്സിൽ 46 റൺസിന്റെ ലീഡിലായിരുന്നു ഇംഗ്ലണ്ട്.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് സ്കോർ ബോർഡിൽ 19 റൺസ് ചേർക്കുന്നതിനിടെ ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായി. 15 റൺസ് നേടിയ ബെൻ ഡക്കറ്റിനെ സർഫറാസ് ഖാന്റെ കൈകളിലെത്തിച്ച അശ്വിൻ തൊട്ടടുത്ത പന്തിൽ ഒലി പോപ്പിനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കി. സ്കോർ 65ൽ നിൽക്കേ ആദ്യ ഇന്നിങ്സിലെ സെഞ്ചറി വീരൻ ജോ റൂട്ടിനെയും (11) മടക്കിയ അശ്വിൻ വിക്കറ്റു നേട്ടം മൂന്നാക്കി ഉയർത്തി.
അർധ സെഞ്ചറിയുമായി നിലയുറപ്പിച്ചു കളിച്ച സാക്ക് ക്രൗളിയെ (60) കുൽദീപ് യാദവ് ബോൾഡാക്കി. ബെൻ സ്റ്റോക്സിനെ (4) കുൽദീപ് പുറത്താക്കിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. തിരികെയെത്തി ഒരു റൺസ് പോലും ചേർക്കാനാകാതെ ജോണി ബെയർസ്റ്റോ മടങ്ങി. രവീന്ദ്ര ജഡേജയെറിഞ്ഞ പന്തിൽ രജത് പാട്ടിദാറിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ടോം ഹാർട്‌ലി (7), ഒലി റോബിൻസൻ (0) എന്നിവരെ ഒരേ ഓവറിൽ കുൽദീപ് എറിഞ്ഞൊതുക്കി.
വാലറ്റത്തെ കൂട്ടുപിടിച്ച് വെൻ ഫോക്സ് ചെറുത്തുനിൽക്കാൻ ശ്രമിച്ചങ്കിലും ഫലമുണ്ടായില്ല. 17 റൺസ് നേടിയ താരം അശ്വിന് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. അവസാന ബാറ്ററായിറങ്ങിയ ജയിംസ് ആൻഡേഴ്സനെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറൈലിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. കുൽദീപ് നാലു വിക്കറ്റുകളും നേടി.
Read Also: ധ്രുവ് ജുറേലിന്റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ 307 റൺസിന് പുറത്ത്