ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 218 റൺസിന് പുറത്ത്. കുൽദീപ് യാദവ് ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റ് വീഴ്ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ആര്‍. അശ്വിൻ നാലു വിക്കറ്റുകളും തന്റെ കരിയറിൽ ചേർത്തു. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
43.4 ഓവറിൽ നാലിന് 175 റൺസെന്ന നിലയിൽനിന്ന് ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു. ഓപ്പണർ സാക് ക്രൗലി അർധ സെഞ്ചറി നേടി. 108 പന്തുകൾ നേരിട്ട ക്രൗലി 79 റൺസെടുത്തു പുറത്തായി. സ്കോർ 64 ൽ നിൽക്കെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 58 പന്തിൽ 27 റൺസെടുത്ത ബെൻ ഡക്കറ്റിനെ കുൽദീപ് യാദവ് ശുഭ്മൻ ഗില്ലിന്റെ കൈകളിലെത്തിച്ചു. 42 പന്തിൽ 11 റൺസെടുത്ത ഒലി പോപ്പിനെ കുൽദീപിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ സ്റ്റംപ് ചെയ്തു മടക്കി. ലഞ്ചിനു പിരിയുമ്പോൾ രണ്ടിന് 100 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ടിന്റെ സ്കോർ.
ഭക്ഷണത്തിനു ശേഷം രണ്ടാം സെഷൻ തുടങ്ങിയതിനു പിന്നാലെ സാക് ക്രൗലി കുൽദീപ് യാദവിന്റെ പന്തിൽ ബോൾഡായി. 175 ൽ ജോണി ബെയർസ്റ്റോയും (18 പന്തിൽ 29), ജോ റൂട്ടും (56 പന്തിൽ 26) പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പതനത്തിനു വേഗത കൂടി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പൂജ്യത്തിനു പുറത്തായി. ടോം ഹാർട്‍ലി (ആറ്), മാർക് വുഡ് (പൂജ്യം) എന്നിവരും പെട്ടെന്ന് തന്നെ മടങ്ങി.
42 പന്തിൽ 24 റൺസെടുത്ത ബെൻ ഫോക്സിനെ അശ്വിൻ ബോൾഡാക്കി. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റ മത്സരം കളിക്കുന്നുണ്ട്. പേസർ ജസ്പ്രീത് ബുമ്രയും ടീമിലേക്കു മടങ്ങിയെത്തി. അതേസമയം രജത് പട്ടീദാർ, ആകാശ് ദീപ് എന്നിവർ പുറത്തായി.
ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ദേവ്ദത്ത് പടിക്കൽ, രവീന്ദ്ര ജഡേജ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– സാക് ക്രൗലി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), ടോം ഹാർട്‍ലി, മാർക് വുഡ്, ശുഐബ് ബഷീർ, ജെയിംസ് ആൻഡേഴ്സൻ.