രാജ്കോട്ട്: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ ജയിച്ച ഇന്ത്യ പരമ്പര നേടി കഴിഞ്ഞു. അതേസമയം എതിരാളികളായ ഓസ്‌ട്രേലിയയുടെ സമ്മർദം കൂടുതൽ മുറുകുകയും ചെയ്തു. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഏകദിന ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയ്ക്കെതിരെ സമ്പൂർണ പരമ്പര വിജയം നേടുന്ന ടീം ആയി ഇന്ത്യ മാറും. രാജ്കോട്ടിൽ ഉച്ചയ്ക്ക് 1.30 മുതലാണ് ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിനം.
ഏഷ്യാ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ ആധികാരിക വിജയം കൊയ്ത ഇന്ത്യ ഏകദിനത്തിനും മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ രണ്ടു മത്സരങ്ങളിൽ വിശ്രമത്തിലായിരുന്ന നായകൻ രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങും. ജസ്പ്രീത് ബുമ്രയും ടീമിലുണ്ടാകും. അതേസമയം ആദ്യ രണ്ടു മത്സരങ്ങളിലും റൺ മഴ പെയ്യിച്ച ഓപ്പണർ ശുഭ്മൻ ഗില്ലിനു ഇന്നു വിശ്രമം നൽകിയേക്കും. ഏഷ്യൻ ഗെയിംസ് ടീമിലുള്ള ഋതുരാജ് ഗെയ്ക്‌വാദ്, മുകേഷ് കുമാർ എന്നിവരും ഇന്നത്തെ മത്സരത്തിൽ ഉണ്ടായേക്കില്ല. ഇന്ത്യൻ ടീം മികച്ച ഫോമിൽ ആണെങ്കിലും ഓസിസ് പടയുടെ കാര്യങ്ങൾ അത്ര ശുഭമല്ല. ഇന്നത്തെ കളി തോറ്റാൽ അത് തികച്ചുമൊരു നാണംകെട്ട തോൽവിയായി മാറും. കൂടാതെ ലോകകപ്പ് പ്രതീക്ഷകൾക്കും മങ്ങലേൽപ്പിക്കും.ആദ്യ രണ്ടു മത്സരങ്ങളിലും വിശ്രമത്തിലായിരുന്ന മിച്ചൽ സ്റ്റാർക്, ഗ്ലെൻ മാക്സ്‌വെൽ എന്നിവർ ഇന്ന് ടീമിലേക്ക് തിരിച്ചെത്തും. ക്യാപ്റ്റൻ പാറ്റ് കമിൻസും പ്ലേയിങ് ഇലവനിൽ ഉണ്ടാകും.
മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ മിന്നും ജയം നേടിയിരുന്നു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യൻ പട എട്ടു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ജയിച്ചത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങളില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ കുറിച്ചത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും മധ്യനിര താരം ശ്രേയസ് അയ്യരുടെയും തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിൽ നിശ്ചിത 50 ഓവറില്‍ അഞ്ചിന് 399 റൺസ് ഉയർത്തി ഇന്ത്യൻ താരങ്ങൾ ഓസിസ് പടയെ വിറപ്പിച്ചു.
Also Read: മെഡിക്കല്‍ ഓഫീസര്‍ നിയമനം: ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം