ഇന്‍ഡോര്‍: ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന് ഉച്ചക്ക് 1:30 നു നടക്കും. ഏകദിനത്തിന്റെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് ഇന്ത്യ തകർത്തിരുന്നു. വിജയത്തിന് പിന്നാലെ ഏകദിന റാങ്കിങ്ങിലും ഇന്ത്യ ഒന്നാമതെത്തി. 277 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ അനായാസമായി വിജയം മറികടക്കാൻ സാധിച്ചു. ശുഭ്മാന്‍ ഗില്‍ (74), റുതുരാജ് ഗെയ്കവാദ് (71), കെ.എല്‍ രാഹുല്‍ (58), സൂര്യകുമാര്‍ യാദവ് (50) എന്നിവരാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്ത്യൻ താരങ്ങളുടെ നിരവധി ഹിറ്റുകൾ പിറവിയെടുത്ത ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രണ്ടാം ഏകദിനം നടക്കുമ്പോൾ പരമ്പര നേടാൻ ഇന്ത്യക്ക് കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം മഴ ഇന്ത്യയുടെ വിജയ പ്രതീക്ഷകൾക്ക് ഭീഷണിയാകുമോ എന്ന നിരാശയുമുണ്ട്.
ഒന്നാം ഏകദിനത്തിൽ അടി പതറി ഓസ്ട്രേലിയ
ഒന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഓസ്ട്രേലിയ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. മികച്ച ടീം ആയിട്ടു പോലും കളിക്കളത്തിൽ അവർക്ക് അടിപതറി. ടീമിലെ മികച്ച കളിക്കാരായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ചേർന്ന് ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകിയെങ്കിലും ഫലമുണ്ടായില്ല. 52 റൺസെടുത്ത വാർണറെ ജഡേജ മടക്കി. എങ്കിലും വാർണർ തന്നെയായിരുന്നു ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. ഒന്നാം ഏകദിനത്തിൽ പല ബാറ്റർമാർക്കും തുടക്കം ലഭിച്ചെങ്കിലും വൻ സ്കോർ നേടാൻ സാധിക്കാഞ്ഞത് ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളി ആണ്. അഞ്ചു വിക്കറ്റ് എറിഞ്ഞിട്ട മുഹമ്മദ് ഷമി അടുത്ത കളിയിലും ഓസിസ് ബാറ്റർമാർക്ക് ഭീഷണിയാണ്. മാർക്കസ് സ്റ്റോയിനിസ് (29), മാത്യു ഷോർട്ട് (2), ഷോൺ ആബട്ട് (2), ജോഷ് ഇംഗ്ലിസ് (45), ആദം സാമ്പ (2) എന്നിവർക്കും ആദ്യകളിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. മുൻ നിര ബൗളർമാരുടെ അസാന്നിധ്യവും ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി.
ഒന്നാം ഏകദിനത്തിന്റെ തോൽവിയെ മറികടക്കാനായുള്ള തന്ത്രങ്ങളുമായാണ് ഓസ്ട്രേലിയ ഇന്ന് കളത്തിലിറങ്ങുക. ആദ്യ ഏകദിനത്തിൽ പരിക്കിനെ തുടർന്ന് ടീമിൽ ഉൾപ്പെടാതിരുന്ന ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് രണ്ടാം ഏകദിനത്തിലും കളിച്ചേക്കില്ല. സ്റ്റാർക്കിൻെറ അഭാവം ഓസ്ട്രേലിയയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ഓസ്ട്രേലിയ സ്‌ക്വാഡ്: ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ, കാമറൂൺ ഗ്രീൻ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), മാർക്കസ് സ്റ്റോയ്നിസ്, സീൻ അബോട്ട്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.
പ്രതീക്ഷകൾ ഉയർത്തി ഇന്ത്യൻ ടീം
വിശ്രമം അനുവദിച്ച നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്ലി, ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ അഭാവത്തിലും ആദ്യ ഏക ദിനത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി. രോഹിതിന്റെയും പാണ്ഡ്യയുടെയും അഭാവത്തില്‍ കെ.എല്‍ രാഹുലാണ് ടീമിനെ നയിച്ചത്. ഗെയ്കവാദ് – ഗില്‍ സഖ്യം കൂട്ടുക്കെട്ട് ഒന്നാം ഏകദിനത്തിൽ 142 റണ്‍സ് അടിച്ചെടുത്തപ്പോൾ രണ്ടാം ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷ. ഒന്നാം ഏകദിനത്തിലേതു പോലെ രോഹിത് ശർമയുടെ അഭാവത്തിൽ തിളങ്ങിയ ശുഭ്മാൽ ഗിൽ- ഋതുരാജ് ഗെയ്ക്വാദ് ഓപ്പണിങ് ജോഡി തന്നെയാകും രണ്ടാം ഏകദിനത്തിലും തുടക്കം കുറിക്കുക. മൂന്നാം നമ്പറിൽ ശ്രേയസ് അയ്യർ കളിക്കും. നായകൻ കെഎൽ രാഹുലിനെ നാലാം നമ്പറിൽ തന്നെ കളിപ്പിക്കും. ഫോമിലെത്തിയ സൂര്യകുമാർ യാദവും മധ്യനിരയിലുണ്ടാവും. ഓൾറൌണ്ടർ രവീന്ദ്ര ജഡേജയും ടീമിലുണ്ടാവും. അഞ്ചു വിക്കറ്റ് എറിഞ്ഞിട്ട സ്പിന്നർ ആർ അശ്വിൻ ടീമിൽ തുടരാൻ തന്നെയാണ് സാധ്യത. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകുകയാണെങ്കിൽ ശാർദുൽ താക്കൂർ ടീമിൽ തുടരും.
ഇന്ത്യൻ സ്‌ക്വാഡ്: ശുഭ്‌മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, തിലക് വര്‍മ്മ, വാഷിംഗ്‌ടണ്‍ സുന്ദര്‍.