അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ലോകകപ്പ് കലാശപോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ പോരാട്ടം കാണുന്നതിനായി ആരാധകർ ഒരുങ്ങി കഴിഞ്ഞു. രാജ്യത്തുടനീളം വിപുലമായ പരിപാടികളോടെയാണ് ലോകകപ്പിനെ വരവേൽക്കുന്നത്. പലയിടത്തും ബിഗ് സ്‌ക്രീനുകളിൽ മത്സരം പ്രദർശിപ്പിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങൾ സജ്ജം. മത്സരം നടക്കുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിനു മുന്നിൽ കഴിഞ്ഞ ദിവസം മുതൽ ആരാധകരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യയുടെ പതാകയേന്തിയുള്ള വാഹന യാത്രയും ആഹ്ലാദ പ്രകടനങ്ങളും അവർ സംഘടിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് മത്സരം നടക്കുന്നത്. 1,32,000 കാണികളുടെ സാന്നിധ്യത്തിലാണ് ആവേശ പോരാട്ടം.
മൂന്നാം കിരീടത്തിനായി ഇറങ്ങുന്ന ആതിഥേയർക്ക് ലോകകപ്പിലെ ഏറ്റവും കരുത്തരായ ടീമായ ഓസ്‌ട്രേലിയയാണ് എതിരാളികൾ. ലോകകപ്പിലെ തുടര്‍ച്ചയായ പത്ത് വിജയങ്ങള്‍ക്ക് ശേഷം ഫൈനൽ പോരിനിറങ്ങുന്ന ഇന്ത്യ കിരീടം നേടുമെന്ന പൂർണ പ്രതീക്ഷയിലാണ് ആരാധകർ. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ ഫോമിലാണെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. വിരാട് കോലിയുടെ കരുത്തിൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും കെ എല്‍ രാഹുലുമെല്ലാം ചേരുമ്പോൾ ബാറ്റിംഗ് നിര സജ്ജം. ഷമിയും മുഹമ്മദ് സിറാജും ബുംറയും മത്സരിച്ച് വിക്കറ്റ് വീഴ്ത്തുന്നതിനൊപ്പം രവീന്ദജ്ര ജഡേജയും കുല്‍ദീപ് യാദവും ബൗളിംഗ് നിരയിൽ കരുത്തരായി തുടരുന്നു.
മറുവശത്ത് ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ട്രാവിഡ് ഹെഡും ഗ്ലെന്‍ മാക്സ് വെല്ലും ചേരുന്ന ഓസീസ് ബാറ്റിങ്ങ് നിരയും കരുത്തർ തന്നെ. ആഡം സ്വാംമ്പയും ജോസ് ഹെയ്സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും ഓസ്‌ട്രേലിയയുടെ ബൗളിംഗ് ആക്രമണം തീർക്കുമ്പോൾ ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കാനാവുമോ എന്നത് ചോദ്യം.
അഹമ്മദാബാദിലെ പിച്ച് പൊതുവേ ബാറ്റിങ്ങിന് അനുകൂലമാണ്. കറുത്ത മണല്‍ പ്രതലത്തില്‍ ശക്തമായി റോളര്‍ ഉപയോഗിച്ച് സ്ലോ ബാറ്റിങ് ട്രാക്കാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ സ്‌കോര്‍ നേടാനായേക്കും. എന്നാല്‍ അഹമ്മദാബാദിലെ ലൈനിലും ലെങ്തിലും തുടര്‍ച്ചയായി വെടിക്കെട്ട് ബാറ്റിങ് നടത്തുക പ്രയാസമായിരിക്കും. രണ്ടാമത് ബാറ്റുചെയ്യുന്നവര്‍ക്ക് പ്രയാസമാവും. അതിനാൽ തന്നെ ഇന്ത്യയ്ക്ക് ആദ്യ ബാറ്റിംഗ് ലഭിച്ച് കൂറ്റൻ സ്കോർ കെട്ടിപ്പടുക്കാനാവണം.
ഇന്ത്യൻ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാർ തകർത്താടിയ വേദിയാണ് അഹമ്മദാബാദ് സ്റ്റേഡിയം. ഇന്ത്യൻ താരങ്ങളുടെ പേരിൽ നിരവധി റെക്കോർഡുകൾ പിറന്ന സ്റ്റേഡിയം ഇന്ന് ആർക്കൊപ്പം നിൽക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആറാം കിരീടമുയർത്താൻ ഓസീസിന് ആണോ അതോ മൂന്നാം കിരീടത്തിൽ മുത്തമിടാൻ ഇന്ത്യയ്ക്കാണോ സാധിക്കുക എന്ന ആകാംക്ഷയിലാണ് ആരാധക ലോകം. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് മത്സരം.
Read Also: ഇരുപത് വർഷം മുമ്പുള്ള കണക്കുകൾക്ക് വിട; ഇത് കോലിയുടേയും ഷമിയുടേയും ടീം ഇന്ത്യ