കൊച്ചി: കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ വഴിതെറ്റിയ സമയത്ത് ആന ആക്രമിക്കാൻ ഓടിച്ചതായി രക്ഷപ്പെട്ട സ്ത്രീകള്‍. പാറപ്പുറത്ത് കയറിയാണ് രക്ഷപ്പെട്ടതെന്നും ചുറ്റിലും നിന്ന് ആന ബഹളം ഉണ്ടാക്കിയതോടെ രാത്രി മുഴുവന്‍ അനങ്ങാതെ ഇരുന്നതായി ഡാര്‍ളി സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പശുവിനെ തിരഞ്ഞ് പോയപ്പോള്‍ ചെക്ക് ഡാം വരെ വഴി നിശ്ചയമുണ്ടായിരുന്നു. പിന്നീടാണ് വഴിതെറ്റിയതെന്ന് പാറുക്കുട്ടി പറഞ്ഞു. ‘മുന്നോട്ടുപോകേണ്ട ഞങ്ങള്‍ പിന്നാക്കം പോയി. അങ്ങനെയാണ് വഴിതെറ്റിയത്. ഇന്നലെ രാത്രി മുഴുവന്‍ ഉറങ്ങിയിട്ടില്ല.
പ്രാര്‍ഥിക്കുകയായിരുന്നു. പുരയുടെ അത്രയും വലിപ്പമുള്ള പാറയുടെ മുകളില്‍ കയറിയാണ് ഇരുന്നത്. ആനയ്ക്ക് പിടിക്കാന്‍ കഴിയുന്നതിലും അകലെയായിരുന്നു. ആന പിടിക്കാന്‍ വന്നാല്‍ മാറാനുള്ള സൗകര്യം പാറയുടെ മുകളില്‍ ഉണ്ടായിരുന്നു.
അടുത്ത് ആളിരുന്നാലും കാണാന്‍ കഴിയാത്ത അത്രയും കൂരിരിട്ടായിരുന്നു. അടുത്ത് ആളുണ്ടോ എന്ന് തപ്പി നോക്കേണ്ട അവസ്ഥയായിരുന്നു. രാത്രി രണ്ടുമണി വരെ ചുറ്റിലും ആന ഉണ്ടായിരുന്നു. വഴിതെറ്റി നടന്നുപോകുന്നതിനിടെ ആന ഓടിച്ചിട്ടു. ഒരു മരത്തിന്റെ പിന്നില്‍ ഞങ്ങള്‍ മൂന്നുപേരും മറഞ്ഞിരുന്നു. മിണ്ടരുതെന്ന് പറഞ്ഞു. ആ സമയത്ത് ഒന്നും ഭയന്നുപോയി.’- പാറുക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
രാത്രിയില്‍ വനത്തില്‍ ഉച്ചത്തില്‍ പേര് വിളിച്ച് തിരച്ചിലിനിടെ വിളിക്കുന്നത് കേട്ടിരുന്നു. എന്നാല്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ട് മൂവരും തിരിച്ച് മറുപടി പറയാതെ മിണ്ടാതിരിക്കുകയായിരുന്നു. നായാട്ട് സംഘമായിരിക്കുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു.
മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരാണ് വഴിതെറ്റി കാട്ടിൽ കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ മായയുടെ മകന്‍ ഉള്‍പ്പെടുന്ന സംഘമാണ് കുട്ടമ്പുഴ വനത്തിനകത്ത് ആറു കിലോമീറ്റര്‍ അകലെ അറക്കമുത്തി എന്ന സ്ഥലത്ത് നിന്ന് ഇവരെ കണ്ടെത്തിയത്. മൂന്ന് പേരും സുരക്ഷിതരെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.