മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയപ്പോൾ കെഎസ്ഇബി ഓഫീസിന് മുന്നിൽ പുളിച്ച മാവിൽ കുളിച്ച് പ്രതിഷേധം. കൊല്ലം കുണ്ടറയിലെ മില്ലുടമയായ രാജേഷാണ് ആട്ടിയ മാവ് തലയിൽ ഒഴിച്ച് പ്രതിഷേധിച്ചത്. മാവ് കവറുകളിൽ ആക്കി രാജേഷ് വില്പന നടത്തുന്നുണ്ട്. രാവിലെ മാവ് ആട്ടാൻ തുടങ്ങുമ്പോൾ വൈദ്യുതി ഉണ്ടായിരുന്നു. പെട്ടെന്ന് വൈദ്യുതി നിലച്ചു.In front of the KSEB office
ആട്ടുന്നതിനിടെ വൈദ്യുതി മുടങ്ങിയപ്പോൾ മാവ് ആട്ടാനും പാക്ക് ചെയ്യാനും കഴിഞ്ഞില്ല. പ്രയത്നവും പണവും വെറുതെയായി. കെഎസ്ഇബി ഓഫീസിൽ വിളിച്ചപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടാണ് ലൈൻ ഓഫ് ചെയ്തത് എന്നാണ് മറുപടി ലഭിച്ചത്. എന്നാൽ രാജേഷിന് അറിയിപ്പ് ലഭിച്ചിരുന്നില്ല.
ഇതോടെയാണ് കെഎസ്ഇബി ഓഫീസിനു മുന്നിൽ എത്തി പുളിച്ച മാവ് തലയിൽ ഒഴിച്ച് പ്രതിഷേധിച്ചത്. “പ്രതിഷേധിച്ചപ്പോൾ മാത്രമാണ് വൈദ്യുതി മുടങ്ങുന്നു എന്ന സന്ദേശം ലഭിച്ചത്. 10000 രൂപയോളം നഷ്ടമുണ്ടായി.”- രാജേഷ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 1 മുതൽ 3 വരെ വേലുത്തമ്പി നഗർ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിപ്പ് നൽകിയിരുന്നു. വൈദ്യുതി മുടക്കത്തിന് മുൻപ് അരിയും ഉഴുന്നും ആട്ടിയെടുക്കാമെന്ന് കരുതിയെങ്കിലും 9.30 മുതൽ 10. 30 വരെ തുടരെ വൈദ്യുതി തടസ്സപ്പെട്ടു. തുടർന്ന് 11 മണിയോടെ വൈദ്യുതി പൂർണമായും നിലച്ചു.
12 വരെ കാത്തിരുന്നിട്ടും വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് കുണ്ടറ കെഎസ്ഇബി ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ വൈകിട്ട് മാത്രമേ വൈദ്യുതി ലഭിക്കുകയുള്ളൂ എന്ന മറുപടിയാണ് ലഭിച്ചത്. പകുതി മാത്രം ആട്ടിയ മാവ് പുളിച്ചു ഉപയോഗശൂന്യമായി. ആട്ടിയ മാവ് പാക്ക് ചെയ്യാനും കഴിഞ്ഞില്ല. തുടർന്നാണ് രാജേഷ് 2മണിയോടെ കെഎസ്ഇബി ഓഫിസിൽ വന്ന് പ്രതിഷേധിച്ചത്.
1ന് മുൻപ് മാവ് കടകളിൽ കൊടുക്കുന്നതിനായി രാവിലെ 6 മുതൽ ആരംഭിച്ച ജോലിയും 10000 രൂപയുടെ സാമ്പത്തികവും നഷ്ടമായതായി രാജേഷ് പറഞ്ഞു. പ്രതിഷേധവുമായി കെഎസ്ഇബിയിൽ എത്തിയപ്പോഴാണ് തനിക്ക് 11 മണി മുതൽ വൈദ്യുതി മുടങ്ങുമെന്ന മെസേജ് ലഭിച്ചതെന്ന് രാജേഷ് ആരോപിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്കെതിരെ ഉയർന്ന ഉദ്യോഗസ്ഥർക്കും പൊലീസിലും പരാതി നൽകുമെന്ന് രാജേഷ് അറിയിച്ചു.
ഉപഭോക്താക്കൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകിയതായും ഫോണിൽ അയച്ച മെസേജ് ലഭിക്കാൻ വൈകിയതാകാമെന്നു സബ് എൻജിനീയർ പറഞ്ഞു. മുക്കടയിലെ ട്രാൻസ്ഫോമർ അടിയന്തരമായി മാറ്റേണ്ടി വന്നതിനാലാണ് വൈദ്യുതി മുടങ്ങിയതെന്നു കുണ്ടറ സെക്‌ഷൻ സബ് എൻജിനീയർ പറഞ്ഞു. ട്രാൻസ്ഫോമർ മാറ്റുമ്പോൾ സമീപത്തെ ഫീഡറുകൾ കൂടി ഓഫ് ചെയ്യേണ്ടി വരും. ആയതിനാലാണ് വേലുത്തമ്പി നഗർ ഭാഗത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.









