പ്രശസ്ത ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിലൂടെ സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ നിരവധിയാണ്. ഒരു വിരൽ തുമ്പിൽ ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിക്കാൻ കഴിയുന്നതിനാൽ തന്നെ ഓൺലൈൻ ഷോപ്പിംഗ് തെരഞ്ഞെടുക്കുന്നവർ ചുരുക്കമല്ല.
എന്നാൽ അടുത്തിടെയായി ഓൺലൈൻ ഷോപ്പിംഗിൽ തട്ടിപ്പുകൾ വ്യാപകമാവുകയാണെന്ന പരാതികളും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം തട്ടിപ്പുകൾക്ക് തടയിടാനായി ആമസോൺ നടപടി സ്വീകരിച്ചിരിക്കുകയാണ്.
ഓർഡർ ചെയ്ത വസ്തുക്കൾ ലഭിച്ചാലുടൻ തന്നെ പാക്കേജിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ആമസോൺ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. പുതിയ ടാംപർ പ്രൂഫ് പാക്കേജിംഗ് സാങ്കേതികവിദ്യയാണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന സീലുകളാണിവ. ഈ സീലിൽ പിങ്ക് അല്ലെങ്കിൽ ചുവപ്പ് ഡോട്ടുള്ള ഒരു പ്രത്യേക തരം ടേപ്പ് ആണ് ഉപയോഗിക്കുന്നത്. ആരെങ്കിലും ചൂട് ഉപയോഗിച്ച് ഈ ടേപ്പ് നീക്കം ചെയ്യാൻ ശ്രമിച്ചാൽ ഡോട്ടിന്റെ നിറം മാറും.
സാധാരണയായി ഈ ഡോട്ടുകൾ വെള്ളയായിരിക്കും. എന്നാൽ പാക്കേജ് തുറക്കാൻ ശ്രമിച്ചാൽ ഡോട്ട് പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമായി മാറും. ഇതോടെ സീൽ പൊട്ടിച്ചതാണോയെന്നും വസ്തുക്കൾ മാറ്റിയോയെന്നും ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും.
സീലിലെ ഡോട്ട് വെള്ള നിറമാണെങ്കിൽ പാക്കേജ് ആരും തുറന്നിട്ടില്ലെന്ന് ഉറപ്പിക്കാം. അഥവാ പിങ്കോ ചുവപ്പോ നിറത്തിലെ ഡോട്ടുകൾ കണ്ടാൽ പാക്കേജ് മറ്റാരോ തുറന്നു എന്നാണർത്ഥം.
അത്തരം പാക്കേജുകൾ സ്വീകരിക്കരുതെന്നാണ് ആമസോൺ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ മരുന്നുകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയുടെ പാക്കേജിലാണ് ഈ സീലുള്ളത്. ഭാവിയിൽ മറ്റ് വസ്തുക്കൾക്കും ഇത് ഉപയോഗിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.