കൊച്ചി: യാത്രക്കിടെ റോഡില്‍ വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ കണ്ടാല്‍ ആത്മരോഷം ഇനി കടിച്ചമര്‍ത്തേണ്ട. മൊബൈല്‍ എടുക്കുക, നമുക്കു മുന്നിലെ നിയമലംഘനത്തിന്‌റെ ചിത്രമോ വീഡിയോയോ എടുക്കുക, മൊബൈലില്‍ തന്നെയുള്ള ആപ്പില്‍ അപ്‌ലോഡു ചെയ്യുക.
മോട്ടോര്‍ വാഹന വകുപ്പ് ഇത് പരിശോധിച്ച് നിയമലംഘനമെന്നു കണ്ടാല്‍ നടപടിയെടുക്കും. മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ സിറ്റിസണ്‍ സെന്റിനല്‍ ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്നു മാത്രം.
ഈ ആപ്പിന്‌റെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ നിര്‍വഹിച്ചു. ആപ്പ് ട്രയല്‍ റണ്ണിലാണെന്നും ഉപയോഗിച്ച് നോക്കി പോരായ്മകളുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന എം പരിവാഹന്‍ ആപ്പിന്റെ ഭാഗമാണ് സിറ്റിസണ്‍ സെന്റിനല്‍ ആപ്പ്.
ഗതാഗത നിയമലംഘനങ്ങള്‍ വ്യക്തികള്‍ക്ക് മൊബൈല്‍ ഫോണില്‍ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ പകര്‍ത്തി ഈ ആപ്പില്‍ അപ്‌ലോഡ് ചെയ്യാവുന്ന വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വ്യക്തികളുടെ വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കും.
If you see any violations on the road… grab your mobile, take a photo and upload it on the Citizen Sentinel app