അഹമ്മദാബാദ്: ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. ഇന്ത്യയെ ആറു വിക്കറ്റുകൾക്ക് തോൽപിച്ചാണ് എതിരാളികളായ ഓസ്‌ട്രേലിയ ആറാം കിരീടം നേടിയത്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡും അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നുമാണ് ഓസ്‌ട്രേലിയയുടെ വിജയശിൽപി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതൽ പാളിച്ചകളായിരുന്നു. ബാറ്റിങ് നിര മൊത്തത്തിൽ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിരാട് കോലിയും കെ.എൽ.രാഹുലും അർധ സെഞ്ചറി നേടി. മറുപടി ബാറ്റിങ്ങിറങ്ങിയ ഓസ്‌ട്രേലിയയുടെ ബാറ്റർമാർ ഇന്ത്യയുടെ 241 എന്ന വിജയലക്ഷ്യം അനായാസേന മറികടക്കുകയായിരുന്നു.
ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ തോൽപിച്ചാണ് ഇന്ത്യയുടെ വിജയ കുതിപ്പ് തുടർന്നത്. എന്നാൽ, ഫൈനലിലെ കനത്ത തോൽവി ആ വിജയങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി. ബാറ്റിങ് നിരയ്ക്ക് സമാനമായി ബൗളിങ് നിരയും മികച്ച പ്രകടനം കാഴ്ച വെക്കാനായില്ല.