അഹമ്മദാബാദ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 13-ാമത് ഐസിസി ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ഇന്ന് ആരംഭം. ഉച്ചയ്ക്ക് രണ്ടു മണിക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡുമായി പോരാടും. കഴിഞ്ഞ വർഷത്തെ കണക്കു വീട്ടാനായി ന്യൂസിലൻഡ് ഇറങ്ങുമ്പോൾ കിരീടം നിലനിർത്താനുള്ള ആദ്യ ജയമാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം മികച്ച താരങ്ങളുടെ പരിക്ക് ഇരു ടീമുകളെയും ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഐപിഎല്ലിൽ പരിക്കേറ്റ ന്യൂസിലൻഡ് താരം കെയിൻ വില്ല്യംസനു ടീമിൽ തിരിച്ചെത്താനായില്ല. ഇത് ടീമിനെ സാരമായി തന്നെ ബാധിക്കും. വില്ല്യംസണിന്റെ അഭാവത്തിൽ ടോം ലാതം ആവും ടീമിനെ നയിക്കുക. എന്നാൽ, ന്യൂസീലൻഡ് നിരയിൽ ട്രെൻ്റ് ബോൾട്ടിൻ്റെയും ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സിൻ്റെയും തിരിച്ചു വരവ് ടീമുകളുടെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. തിരികെ വന്നതിനു ശേഷമുള്ള മത്സരങ്ങളിൽ ഇരുവരും തകർപ്പൻ പ്രകടനങ്ങളാണ് കാഴ്ച്ച വെച്ചത്. പരിക്കേറ്റ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് പൂർണ ഫിറ്റല്ലെങ്കിൽ പകരക്കാരനായി ഹാരി ബ്രൂക്ക് കളത്തിലിറങ്ങും. ബെയർസ്റ്റോ, ഡേവിഡ് മലാൻ എന്നിവർ ചേർന്നാവും ഓപ്പണിംഗിന് ഇറങ്ങുക. ജോ റൂട്ട്, ജോസ് ബട്ട്ലർ, ലിയാം ലിവിങ്സ്റ്റൺ, മൊയീൻ അലി എന്നിവർക്കൊപ്പം സാം കറൻ വരെയാണ് ബാറ്റിംഗ് നിര. മാർക്ക് വുഡ്, ക്രിസ് വോക്സ് എന്നീ പേസർമാർക്കൊപ്പം ആദിൽ റഷീദ് സ്പെഷ്യലിസ്റ്റ് സ്പിന്നറായും തിളങ്ങും.
ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീമിൽ അപകടകാരികളായ താരങ്ങൾ നിരവധിയാണ്. ബെന്‍ സ്റ്റോക്‌സ് കൂടി തിരിച്ചെത്തിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ കരുത്തരായെന്നു വേണം പറയാൻ. ആദില്‍ റഷീദിനെപ്പോലെ ഇന്ത്യന്‍ പിച്ചില്‍ വലിയ അപകടം സൃഷ്ടിക്കാന്‍ ശേഷിയുള്ള സ്പിന്നറും ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
പന്തെറിയുന്ന ടീമിന് പിച്ചിൽ നിന്ന് സഹായം ലഭിക്കുന്ന കളിയിടമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്തേക്കും. നവംബർ 19 നു കലാശ പോരാട്ടം നടക്കുന്നതും നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഇനിയുള്ള ദിവസങ്ങൾ ലോകം ക്രിക്കറ്റ് ആവേശത്തിലേക്ക് കടക്കുകയാണ്. സ്വന്തം മണ്ണിൽ മൂന്നാം കിരീടം നേടാനായി ഇന്ത്യയും ഒരുങ്ങി കഴിഞ്ഞു.
Read Also: അമ്പെയ്ത് വീഴ്ത്തി ചരിത്രം കുറിച്ചു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 16-ാം സ്വർണം