തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിന് ജില്ലാ ഗവ.പ്ലീഡറുടേ നിയമോപദേശം. വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകര്‍ക്കാനും മതസ്പര്‍ധ വളര്‍ത്താനും വഴിയൊരുക്കുന്നതാണെന്ന് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.(IAS WhatsApp group controversy; Legal advice to police to file case against K Gopalakrishnan)
നേരത്തെ മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ നിയമോപദേശം തേടിയത്.
തുടർന്ന് ഫോണ്‍ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.