തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയിലായി.
ബാങ്കോക്കിൽ നിന്നെത്തിയവരിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. 21 വയസുള്ള യുവതിയും 23 വയസുള്ള യുവാവുമാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് ഇവർ വന്നത്.
എട്ട് പാഴ്‌സലുകളായാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിൽ ഇവരെ പിടികൂടുകയായിരുന്നു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തിൽ നിന്ന് ചാടി; നാവിക ഉദ്യോഗസ്ഥനെ കാണാതായി
കൊച്ചി: പരിശീലനത്തിന്റെ ഭാഗമായി കൊച്ചി കായലിലേക്ക് ചാടിയ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. തേവര പാലത്തിൽ നിന്നാണ് ഉദ്യോഗസ്ഥൻ ചാടിയത്.
കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിന് വേണ്ടി എത്തിയതായിരുന്നു ഉദ്യോഗസ്ഥൻ. പരിശീലനത്തിന്റെ ഭാഗമായി താഴേക്ക് ചാടിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
അതേസമയം, ആരാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തതയില്ലെന്ന് നാവികസേന പിആർഒ അറിയിച്ചു. ഉദ്യോഗസ്ഥനായി തെരച്ചിൽ തുടരുകയാണ്. നേവിയും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.