രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ച ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
ലഖ്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെച്ചൊല്ലിയ തർക്കത്തെ തുടർന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നിൽ കുഴിച്ചുമൂടിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ അർജുൻ എന്ന യുവാവാണ് പിടിയിലായത്. ഭാര്യ ഖുഷ്ബുവിനെയാണ് ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തുവെന്ന വ്യാജകഥ പൊലീസിനോട് പറഞ്ഞ് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും, വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഡിസംബർ 21നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ലുധിയാനയിൽ ജോലി ചെയ്തുവരികയായിരുന്ന അർജുൻ.
സംഭവദിവസം രാത്രി വീട്ടിലെത്തിയപ്പോൾ ഭാര്യ ഖുഷ്ബു മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടതോടെയാണ് തർക്കത്തിന് തുടക്കമായത്.
ഭർത്താവിന്റെ അറിവില്ലാതെ രഹസ്യമായി സൂക്ഷിച്ചിരുന്ന ഫോണാണ് ഖുഷ്ബു ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും, അക്രമാസക്തനായ അർജുൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ച ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ഇയാൾ ശ്രമിച്ചു. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന മടക്കാവുന്ന കട്ടിലിനൊപ്പം മൃതദേഹം പൊതിഞ്ഞ് വീടിന് പിന്നിൽ ആറടിയോളം താഴ്ചയിൽ കുഴിയെടുത്ത് മൂടുകയായിരുന്നു.
പിന്നീട് ഭാര്യ വീടുവിട്ടിറങ്ങി പോയെന്ന കഥയാണ് ഇയാൾ കുടുംബാംഗങ്ങളോട് പറഞ്ഞത്. ഖുഷ്ബുവിനെ കാണാതായതോടെ കുടുംബം ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
ഇതോടെയാണ് യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. മകളുടെ തിരോധാനത്തിൽ അർജുന് പങ്കുണ്ടെന്ന സംശയം ഇയാൾ പൊലീസിനെ അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിലെത്തി അർജുനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.
ആദ്യഘട്ടത്തിൽ പൊലീസിനെയും ഇയാൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഭാര്യ ആത്മഹത്യ ചെയ്തതായും മൃതദേഹം നദിയിൽ എറിഞ്ഞുവെന്നുമായിരുന്നു ഇയാളുടെ മൊഴി.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നദിയിലും പരിസര പ്രദേശങ്ങളിലും മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല.
സംശയം ശക്തമായതോടെ പൊലീസ് വീണ്ടും അർജുനെ വിശദമായി ചോദ്യം ചെയ്തു. ഏകദേശം രണ്ട് മണിക്കൂറുകൾക്കുശേഷമാണ് താൻ നടത്തിയ കൊലപാതകത്തിന്റെ സത്യം ഇയാൾ വെളിപ്പെടുത്തിയത്.
തുടർന്ന് ഇയാൾ പറഞ്ഞ സ്ഥലത്ത് നടത്തിയ പരിശോധനയിൽ വീടിന് പിന്നിലെ കുഴിയിൽ നിന്ന് ഖുഷ്ബുവിന്റെ മൃതദേഹം കണ്ടെത്തി.
അവിഹിതബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
യുവതിയുടെ ഇളയ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അർജുനെ അറസ്റ്റ് ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
രണ്ട് വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. കുട്ടികളില്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.









