ഫ്ലോറിസ് ചുഴലിക്കാറ്റ്: സ്കോട്‌ലൻഡിൽ മലയാളിക്ക് ദാരുണാന്ത്യം
ഫ്ലോറിസ് ചുഴലിക്കാറ്റിൽ സ്കോട്‌ലൻഡിൽ മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71) ആണ് മരിച്ചത്. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയതായിരുന്നു.
നഴ്സായ മകൾ ലിജോ റോയിയെ സന്ദർശിക്കാൻ ഭർത്താവ് വി. എ. ഏബ്രഹാമിനൊപ്പമാണ് ശോശാമ്മ എതിയത്. അവധിക്കാലമായതിനാൽ സ്കോട്‌ലൻഡിലെ എഡിൻബറോ സന്ദർശിക്കുന്നതിനിടെയാണ് അപകടം.
എഡിൻബറോയിലെത്തി കാറിൽ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻതന്നെ എഡിൻബറോ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെങ്ങരൂർ വടക്കേക്കര കുടുംബാംഗമാണ് ശോശാമ്മ. മക്കൾ: ലിജോ റോയി, ലേഖ റിജോ (യുഎസ്), ലിറ്റി ജിജോ (മുണ്ടക്കയം), ലിജു ഏബ്രഹാം(പരേതൻ). മരുമക്കൾ: റിജോ (യുഎസ്), റോയി ഉമ്മൻ (യുകെ), ജിജോ, ലിജി.
യുഎസിലുള്ള മകൾ ലേഖയും ഭർത്താവ് റിജോയും അപകടവിവരം അറിഞ്ഞ് സ്കോട്‍ലൻഡിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ എഡിൻബറോയിലെ ഇന്ത്യൻ കോൺസുലേറ്റ്, ലോക കേരള സഭാംഗം കുര്യൻ ജേക്കബ് എന്നിവരുടെ സഹായത്തോടെ പുരോഗമിക്കുകയാണ്.