കൊച്ചി : മരവ്യവസായ യൂണിറ്റിൽ നിന്നുള്ള ശബ്ദമലിനീകരണം കാരണം സമാധാനപരമായി ജീവിക്കാൻ കഴിയുന്നില്ലെന്ന പരാതിയിൽ രായമംഗലം പഞ്ചായത്ത് സെക്രട്ടറി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
കഴിഞ്ഞ വർഷം നവംബർ 2 ന് കമ്മീഷൻ പാസാക്കിയ ഉത്തരവ് എൻവയോൺമെന്റൽ എഞ്ചിനീയർ പാലിക്കാത്ത സാഹചര്യത്തിൽ 6 ആഴ്ചക്കുള്ളിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജില്ലാ എൻവയോൺമെന്റൽ എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
മരവ്യവസായ യൂണിറ്റിൽ നിന്നും ശബ്ദമലിനീകരണം വർധിച്ചു വരികയാണെന്നും മരങ്ങൾ ലോറിയിൽ നിന്നുമിറക്കുന്ന ശബ്ദം കാരണം രാത്രികളിൽ ഉറങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരനായ എം. പി. നാരായണൻ നായർ കമ്മീഷനെ അറിയിച്ചു.
സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കഴിഞ്ഞ വർഷം നൽകിയ ഉത്തരവിൽ കമ്മീഷൻ ജില്ലാ എൻവയോൺമെന്റൽ എഞ്ചിനീയർക്കും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകിയത്.
പഞ്ചായത്ത് സെക്രട്ടറി വിളിച്ച യോഗത്തിൽ പരാതിക്കാരൻ ഹാജരാകാത്തതു കാരണമാണ് സ്ഥാപനത്തിൽ യന്ത്രങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയതെന്നും 2023-24 വർഷത്തെ ലൈസൻസ് അനുവദിച്ചതെന്നും രായമംഗലം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ചെങ്കിലും യാതൊരു പ്രവർത്തനവും നടക്കുന്നില്ലെന്നും മലിനീകരണം ശ്രദ്ധയിൽപെട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്ന് പരാതിക്കാരൻ പറഞ്ഞു. തുടർന്നാണ് നാലാഴ്ചക്കുള്ളിൽ തൽസ്ഥിതി സമർപ്പിക്കാൻ കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ജൂലൈ 16 ന് രാവിലെ 10 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.