കരിപ്പൂർ: ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വൻ വർധന. 200 ശതമാനത്തിലേറെയാണ് ടിക്കറ്റ് നിരക്കുകളിലെ വർധനവ്. ഗൾഫിൽ സ്കൂളുകളിൽ അവധിക്കാലമായതോടെ നാട്ടിലേക്ക് കുടുംബ സമേതം എത്തുന്ന മലയാളികൾക്ക് വലിയ തിരിച്ചടിയാണ് വിമാന ടിക്കറ്റ് നിരക്കിലെ ഈ വർധനവ്.Huge increase in ticket prices from Gulf to Kerala
ഗൾഫിൽ സ്കൂളുകൾ അടയ്ക്കുന്ന ജൂലായ് മാസത്തിലാണ് പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്നത്. ഈ സാഹചര്യം മുതലെടുത്താണ് വിമാനക്കമ്പനികളുടെ പകൽക്കൊള്ള. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ശരാശരി ഒരു ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കിൽ അധികമായി കണ്ടെത്തേണ്ടിവരും.
അവധിക്കാലം തീർന്ന് പ്രവാസികൾ തിരിച്ചുപോകാനിരിക്കുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും നിരക്ക് ക്രമാതീതമായി ഉയർത്താറുണ്ട്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിലേക്കെല്ലാം നിരക്ക് വൻതോതിൽ കൂട്ടി. ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് 12,000 രൂപയിൽ താഴെയായിരുന്നത് 41,864 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ നിരക്കിനടുത്ത് ഉണ്ടായിരുന്നത് കൊച്ചിയിലേക്ക് 38,684 രൂപയും തിരുവനന്തപുരത്തേക്ക് 39,847 രൂപയും കണ്ണൂരിലേക്ക് 44,586 രൂപയുമാക്കി.
അബുദാബിയിൽനിന്ന് 10,650 രൂപ ഉണ്ടായിരുന്നത് കോഴിക്കോട്ടേക്ക് 32,535 രൂപ, കൊച്ചിയിലേക്ക് 30,065 രൂപ എന്നിങ്ങനെയും കൂട്ടി. തിരുവനന്തപുരത്തേക്ക് 28,091 രൂപയും കണ്ണൂരിലേക്ക് 34,805 രൂപയും കൊടുക്കണം.
ദുബായിൽനിന്നുള്ള ടിക്കറ്റ് നിരക്കും ഇതേതോതിൽ കൂട്ടിയിട്ടുണ്ട്. 12,000 രൂപയുണ്ടായിരുന്നത് 29,600 മുതൽ 30,880 രൂപ വരെയാണ് ഉയർത്തിയത്. ഷാർജയിൽനിന്ന് കേരളത്തിലേക്ക് 8,000 രൂപയുണ്ടായിരുന്നത് 30,000 മുതൽ 34,100 വരെയായി ഉയർന്നു. ഓഗസ്റ്റ് ആദ്യ ആഴ്ചവരെ ഈ ഉയർന്ന നിരക്കാണ് കാണിക്കുന്നത്.









