കോഴിക്കോട്: നിസാരകാര്യങ്ങളുടെ പേരിൽ വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. മുമ്പ് കൂടുതലും വീട് വീട്ടിറങ്ങുന്നത് ആൺകുട്ടികളാണെങ്കിൽ ഇപ്പോഴത് പെൺകുട്ടികളാണ്.
സോഷ്യൽ മീഡിയയുടെ സ്വാധീനത്തിലാണ് ഇവരിൽ പലരും വീട് വിട്ടിറുങ്ങന്നതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ആൺസുഹൃത്തുക്കൾക്കൊപ്പം പോകുന്നവരും നിരവധിയാണ്.
വർഷത്തിൽ നൂറിലധികം കുട്ടികളാണ് സംസ്ഥാനത്ത് വീടുവിടുന്നത്. 2020 മുതൽ 2024 വരെ ഇന്ത്യയിൽത്തകെ മൂന്നു ലക്ഷം കുട്ടികളെ കാണാതായി.
ഇതിൽ 36,000 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നുവെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ കണക്കുകൾ പറയുന്നത്.
അതേസമയം, കണ്ടെത്താനാവാത്ത കുട്ടികളിൽ പലരും ലഹരി,പെൺവാണിഭ സംഘങ്ങളുടെ കുരുക്കിൽ പെട്ടിരിക്കാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ച മലപ്പുറം താനൂരിൽ വീടുവിട്ടിറങ്ങിയ രണ്ടു പെൺകുട്ടികളെ മുംബയിൽ നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ചിരുന്നു.









