എന്ത് കഴിക്കണം എങ്ങനെ കഴിക്കണം എപ്പോള്‍ കഴിക്കണം ഇത് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ കാലത്ത്. നാച്ചുറോപ്പതിയില്‍ സാധാരണ പറയുന്ന ഒരു കാര്യമുണ്ട്, കോണ്‍സ്റ്റിപ്പേഷന്‍ ഈസ് ദ് റൂട്ട്‌സ് കോസ് ഓഫ് ഓള്‍ ദ് ഡിസീസ്. അതായത് വയറിന്റെ പ്രശ്‌നമാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. വയര്‍ ക്ലീനായിക്കഴിഞ്ഞാല്‍ ശരീരം ക്ലീനായി. അതുകൊണ്ട് നാച്ചുറോപ്പതി ഹോസ്പിറ്റലില്‍ അഡ്മിറ്റായി കഴിഞ്ഞാല്‍ അവരു ചെയ്യുന്ന ആദ്യത്തെ ട്രീറ്റ്‌മെന്റ് എനിമ കൊടുക്കലാണ്. വയറിനെ ക്ലെന്‍സ് ചെയ്തു കഴിഞ്ഞാല്‍ തന്നെ നമ്മുടെ പകുതി അസുഖം പമ്പ കടക്കും.
ഇന്നത്തെ കാലത്ത് നമുക്ക് ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ അറിയാം
എന്തു കഴിക്കണം?
നമ്മുടെ പൂര്‍വികര്‍ പ്രധാനമായും കൃഷിയാണ് ചെയ്തിരുന്നത്. ശാരീരികാധ്വാനം വേണ്ട ജോലിയാണ് കൃഷി. അതുകൊണ്ടു തന്നെ കഷ്ടപ്പെട്ട് അധ്വാനിച്ച് നല്ല വിശപ്പോടു കൂടി ആഹാരം കഴിക്കുന്ന രീതിയായിരുന്നു അവര്‍ക്ക്. പക്ഷേ ഇന്ന് ആഹാരം കഴിക്കണമല്ലോ എന്നോര്‍ത്താണ് പലരും ആഹാരം കഴിക്കുന്നത്. നന്നായി വിശന്നിട്ടാണോ നമ്മള്‍ ആഹാരം കഴിക്കാറുള്ളത്. പലപ്പോഴും അല്ലാതെയാകും. നിങ്ങള്‍ അധ്വാനിച്ച് ഭക്ഷണം കഴിച്ച ഒരു സംതൃപ്തി നിങ്ങള്‍ക്ക് കിട്ടാറുണ്ടോ? വിയര്‍ത്ത് കുളിച്ച് ഭയങ്കരമായി അധ്വാനിച്ച ശേഷം കുളിച്ച് വൃത്തിയായി വന്ന് ആഹാരം കഴിക്കുന്നതിന്റെ ഒരു സുഖം അതു വേറൊന്നു തന്നെയാണ്. അതെന്തായാലും ഇന്നത്തെ കാലത്ത് പ്രാക്ടിക്കലല്ല. ഇന്നു ഭൂരിഭാഗവും ലഞ്ച് ടൈം ആയല്ലോ എന്നോര്‍ത്ത് കഴിക്കുന്നവരാണ്. ഇങ്ങനെയുള്ള ഒരു രീതിയില്‍ നമ്മള്‍ എത്ര അധ്വാനിച്ചു, നമ്മള്‍ക്ക് എത്രവിശപ്പുണ്ട്, എന്തു കഴിക്കണം എന്നുള്ളത് ഓരോ ആള്‍ക്കാരെയും അടിസ്ഥാനമാക്കിയിരിക്കും. ഒരിക്കലും ഇന്നത് കഴിക്ക് എന്നു പറയാന്‍ സാധിക്കില്ല. കാരണം ഒരാള്‍ മറ്റൊരാളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതായത് ഞാന്‍, എന്റെ കുട്ടി എന്റെ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ഈ മൂന്ന് ആള്‍ക്കാരും മൂന്ന് രീതിയിലുള്ള ജോലി ചെയ്യുന്നവരാണ്. ഈ മൂന്നു പേരുടെയും കപ്പാസിറ്റി അനുസരിച്ചേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. നിര്‍ബന്ധിച്ച് കുട്ടികളെ കഴിപ്പക്കരുത്. എത്രയാണോ നമ്മുടെ ശരീരത്തിന് വേണ്ടത് അതു കഴിയുമ്പോള്‍ ഓട്ടോമാറ്റിക്കായി നമ്മുടെ ശരീരം പ്രതികരിക്കും. അതുപോലെ ചില ആഹാരങ്ങള്‍ കാണുമ്പോള്‍ നമുക്ക് അതു കഴിക്കാന്‍ ബുദ്ധിമുട്ട് തോന്നും. എന്നാലും ചില സമയത്ത് നമ്മള്‍ കഴിക്കാറുണ്ട്. അതു നമ്മുടെ ബോഡിയുടെ ഓട്ടോമാറ്റിക് റെസ്‌പോണ്‍സ് ആണ്. അത് നമ്മള്‍ ബഹുമാനിക്കുക.
എങ്ങനെ കഴിക്കും?
ചവച്ചരച്ച് നല്ലപോലെ സാവധാനം ആഹാരം കഴിക്കണം. ഇപ്പോള്‍ കാണുന്ന ഒരു ട്രെന്‍ഡ് ഒരു പ്ലേറ്റില്‍ ഭക്ഷണം എടുത്ത് സോഫയില്‍ ചാരി ഇരുന്നാണ് കഴിക്കുന്ന രീതിയാണ്. അപ്പോള്‍ നിങ്ങളുടെ വയറും നട്ടെല്ലും വല്ലാത്ത ഒരു അവസ്ഥയിലായിരിക്കും. ഈ ഒരു അവസ്ഥയില്‍ ഒരിക്കലും ആഹാരം കഴിക്കരുത്. നട്ടെല്ല് നിവര്‍ത്തി ഇരുന്ന് ഡൈനിങ് ടേബിളില്‍ വച്ച് നിവര്‍ന്നിരുന്ന് ആഹാരം കഴിക്കണം. അല്ലെങ്കില്‍ എല്ലാവരും നിലത്ത് ചമ്രംപടഞ്ഞിരുന്ന് ആഹാരം കഴിക്കുക. ആഹാരം കഴിക്കുമ്പോള്‍ ടിവി കാണാതെ ആഹാരത്തില്‍ നോക്കി കഴിക്കുക. കുറച്ച് സമയത്തേക്ക് മൊബൈലൊന്നും നോക്കാതെ ഫുഡ് ആസ്വദിച്ച് കഴിച്ചാല്‍ വയര്‍ അറിഞ്ഞു കഴിക്കും എന്നു കൂടി പറയാം. മൊബൈലൊക്കെ നോക്കി കഴിച്ചാല്‍ എത്ര അളവാണ് ഉള്ളിലേക്ക് തട്ടിവിടുന്നത് എന്ന് ചില സമയത്ത് പറയാന്‍ പറ്റില്ല. അതുകൊണ്ട് ഭക്ഷണത്തില്‍ ശ്രദ്ധിക്കുക.
എപ്പോള്‍ കഴിക്കണം?
അത് വലിയൊരു ചോദ്യമാണ്. എല്ലാവരും പറയും രാവിലെ പ്രാതല്‍, ഉച്ചയ്ക്ക്1 മണിക്ക് ലഞ്ച്, നാലുമണിക്ക് വൈകുന്നേരത്തെ ചായ , ഡിന്നര്‍ ഇങ്ങനെ… ജോലിയൊക്കെ കഴിഞ്ഞ് അവശതയായി വരുന്നതുകൊണ്ട് പലരും നന്നായി ഡിന്നര്‍ കഴിക്കും ഇങ്ങനെ എല്ലാം സെറ്റ് ചെയ്തു വച്ചിരിക്കുകയാണ്. പക്ഷേ എപ്പോള്‍ കഴിക്കണം എന്നുള്ളതു നിങ്ങളുടെ ബോഡി ഡിമാന്‍ഡ് ചെയ്യുന്ന സമയത്ത്, വിശക്കുമ്പോഴേ ആഹാരം കഴിക്കാവൂ എന്നതാണ്. കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ആഹാരം കഴിപ്പിക്കരുത്. കുട്ടികള്‍ എന്തെങ്കിലും വാശിയുടെ പേരില്‍ കഴിക്കാതിരുന്നാല്‍ നല്ല ഫുഡ് ഓപ്ഷന്‍സ് കാണിച്ചു കൊടുക്കാം. കുട്ടികള്‍ക്ക് വിശക്കാതെ ഭക്ഷണം കൊടുത്താല്‍ ദഹനക്കേട് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
രാവിലെ വിശക്കുന്നില്ലെങ്കില്‍ കഴിക്കേണ്ട.പകരം അതിനെ ഒരു ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് പോലെ ആക്കി വിശക്കുന്ന സമയത്ത് ഉച്ചയ്ക്കാണെങ്കില്‍ ബ്രഞ്ചാക്കി കഴിക്കാം. വിശന്നാല്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ. അത് ഒരു നേരം സ്‌കിപ് ചെയ്തു എന്നു പറഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ ഡൈജസ്റ്റീവ് സിസ്റ്റത്തെ തന്നെ റീസെറ്റ് ചെയ്യുകയാണ്. നിങ്ങള്‍ ലാപ്‌ടോപില്‍ റിഫ്രഷ് ബട്ടണ്‍ അമര്‍ത്താറില്ലേ അതുപോലെ തന്നെയാണ് നിങ്ങളുടെ ഡൈജസ്റ്റീവ് സിസ്റ്റവും. ഇടയ്ക്കിടയ്ക്ക് അതിനൊരു ബ്രേക്ക് കൊടുത്തോളൂ. ഒരു കുഴപ്പവുമില്ല.