കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് ടിക്കറ്റ് നഷ്ടമായ രാജസ്ഥാൻ റോയൽസിന്റെ സ്വപ്‌നതുല്യമായ കുതിപ്പാണ് ഈ സീസണിൽ കാണുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ എട്ടും ജയിച്ച റോയല്‍സ് 16 പോയിന്റോടെയാണ് തലപ്പത്തു നില്‍ക്കുന്നത്. ഐപിഎല്ലില്‍ പ്ലേഓഫ് ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് അവർ. ഇനിയുള്ള അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ചാൽ റോയല്‍സിനു പ്ലേഓഫ് ഉറപ്പിക്കാനാവും. ശക്തമായ തിരിച്ചുവരവ് നടത്തിയായ ടീം ഇത്രയും ഗംഭീര പ്രകടനം നടത്താന്‍ ഈ സീസണില്‍ റോയല്‍സിനെ സഹായിച്ചത് എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍.
ഇത്തവണത്തെ പ്രകടനത്തോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യതകളും സഞ്ജു വര്‍ധിപ്പിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തേക്കും ഉയര്‍ന്നിട്ടുണ്ട്.
റോയല്‍സിന്റെ ഈ സീസണിലെ വിജയക്കുതിപ്പിനു പിന്നില്‍ ഒരുപാട് പ്ലാനിങ്ങുണ്ടെന്നു സഞ്ജു പറയുന്നു. തിരശീലയ്ക്കു പിറകില്‍ ഒരുപാട് പ്ലാനിങ്ങുകള്‍ നടന്നിട്ടുണ്ട്. ഞങ്ങൾ നന്നായി കഠിനാധ്വാനം ചെയ്യുന്നു. വിക്കറ്റിനു പിന്നില്‍ നില്‍ക്കാന്‍ കഴിയുന്നതില്‍ ഞാന്‍ വലിയ ഭാഗ്യവാനാണ്. കാരണം ഇവിടെ നില്‍ക്കുമ്പോള്‍ പിച്ചിനെക്കുറിച്ച് കൃത്യമായി വിലയിരുത്താന്‍ എനിക്കു സാധിക്കും. അജിത് വലിയൊരു പ്ലസ് പോയിന്റാണ്. ഞങ്ങള്‍ വളരെ നന്നായിട്ടാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ അല്‍പ്പം ഭാഗ്യമുള്ളവരും കൂടിയാണ്. ഈയൊരു പ്രക്രിയ ശരിയായി തുടരേണ്ടത് ആവശ്യമാണ്. ടീം മീറ്റിങ്ങുകളില്‍ പ്രക്രിയകള്‍ ടിക്ക് ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഒരു സമയത്തു ഒരു മല്‍സരം മാത്രമേയുള്ളൂവെന്നും സഞ്ജു പറയുന്നു.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ റോയല്‍സിന്റെ പ്രകടനത്തെപ്പറ്റിയും സഞ്ജു പറഞ്ഞു. ഈ മല്‍സരത്തില്‍ ന്യൂബോളില്‍ ബൗളര്‍മാര്‍മാര്‍ക്കു അല്‍പ്പം ആനുകൂല്യം ലഭിച്ചിരുന്നു. അതിനു ശേഷം ബാറ്റ് ചെയ്യാന്‍ മികച്ച വിക്കറ്റും കൂടിയായിരുന്നു ഇത്. പവര്‍പ്ലേയില്‍ ഒരോവര്‍ ബൗള്‍ ചെയ്യാനെത്തിയവരെല്ലാം നല്ല പ്രകടനം തന്നെ കാഴ്ചവച്ചതായും സഞ്ജു വ്യക്തമാക്കി. ഇന്നിങ്‌സിന്റെ തുടക്കവും അവസാനവും മികച്ചതായിരുന്നു. മധ്യ ഓവറുകളില്‍ ഞങ്ങള്‍ അല്‍പ്പം റണ്‍സ് വിട്ടുകൊടുത്തതായും സഞ്ജു പറഞ്ഞു. ഈ മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുവതാരം ധ്രുവ് ജുറേലിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കെട്ടഴിച്ച സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. പുറത്താവാതെ 71 റണ്‍സ് നേടിയാണ് അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയായി മാറിയത്. 33 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.