ന്യൂഡൽഹി: രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയെ ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് കുടുംബത്തിന്റെ അനുവാദം തേടണമെന്നാണ് നിർദേശം. ബന്ധുക്കളുടെ അനുമതി ഇല്ലാതെ ആശുപത്രി അധികൃതർക്ക് സ്വമേധയാ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കാനാകില്ല. കൂടാതെ ഐസിയുവിലേക്ക് പ്രവേശിപ്പിക്കരുതെന്ന് രോഗി മുൻകൂട്ടി അറിയിക്കുകയാണെങ്കിലും ഇത്തരത്തിൽ പ്രവേശിപ്പിക്കരുതെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
24 അംഗങ്ങളുള്ള വിദഗ്ധ സംഘമാണ് മാർഗനിർദേശം തയ്യാറാക്കിയത്. അവയവങ്ങൾ ഗുരുതരമായി തകരാറിലാകുക, ജീവൻ രക്ഷാ ഉപകരണങ്ങൾ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നിൽ കാണുക എന്നിവയെ അടിസ്ഥാനമാക്കിയാകണം ഐസിയുവിലേക്ക് പ്രവേശിപ്പിക്കേണ്ടത്.
രക്തസമ്മർദ്ദത്തിലെ വ്യതിയാനം, വെന്റിലേറ്റർ ആവശ്യമായ സാഹചര്യം, തീവ്ര നിരീക്ഷണം ആവശ്യമാകുന്ന സമയം എന്നിവ ഐസിയുവിവിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ മാനദണ്ഡമായി കണക്കാക്കണം. ഇതിന് പുറമെ ഐസിയുവിൽ നിന്നും രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. രോഗിയോ കുടുംബമോ ആവശ്യപ്പെടുന്ന പക്ഷവും ഐസിയുവിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യണമെന്നാണ് നിർദേശം.
Read Also: തൃശൂരിൽ തരംഗമായി മോദി; വേദിയിൽ മറിയക്കുട്ടിയും മിന്നുമണിയും ശോഭനയും, സദസ്സിൽ സ്ത്രീസാഗരം