ഒരു ഭീമൻ കയറിന്റെ ഇരു വശത്തായി നിലയുറപ്പിച്ച് ആഞ്ഞുവലിക്കുന്ന മല്ലൻമാരും മല്ലത്തികളും… പതിയെ പതിയെ ആട്ടി ആട്ടി അടിവെച്ചടിവെച്ച് പുറകോട്ട് പോകുന്നവർ, കൈയൂക്കും തിണ്ണമിടുക്കുമെടുത്ത് ആഞ്ഞു വലിക്കുന്നവർ.
ഗാലറിയിലാകെ ആവേശത്തിര തീർക്കുന്ന അനൗൺസ്മെൻറും, ഒപ്പം നിലക്കാത്ത കൈയടികളും ആർപ്പുവിളികളുമായി കുട്ടികളും മുതിർന്നവരും. ഈ കിടിലൻ അങ്കം കാണാൻ ചേലു വേറെതന്നെയാണ്.
ആരോഗ്യത്തിനൊപ്പം ബുദ്ധിയും ചടുലതയും ഒന്നിപ്പിച്ചാൽ മാത്രം കപ്പ് നേടാം. ഓരോ മത്സരവും രണ്ടു ടീമുകൾ തമ്മിലുള്ള ബല പരീക്ഷണം ആണെങ്കിലും അതിനപ്പുറമാണ് ആവേശവും വാശിയും. മത്സരത്തിനിടെ കാണികൾ തന്നെ രണ്ടു ചേരിയായി മാറാറാണ് പതിവ്.
കഴിഞ്ഞ വർഷത്തേതുപോലെ തന്നെ ഇക്കുറിയും അഖില കേരള വടംവലി മത്സരത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് തൊടുപുഴ. മഹീന്ദ്രാ വാഹനങ്ങളുടെ അംഗീകൃത വിതരണക്കാരായ ഹൊറൈസൺ മോട്ടോഴ്സാണ് സംഘാടകർ.
കേരള വടംവലി അസോസിയേഷന്റെ സഹകരണത്തോടെയാകും മത്സരങ്ങൾ സംഘടിപ്പിക്കുക. തൊടുപുഴ വെങ്ങല്ലൂരിനടുത്തുള്ള സോക്കർ സ്കൂൾ മൈതാനമാണ് ഇത്തവണത്തെ വേദി.
“സുരക്ഷിതമായി വാഹനമോടിക്കൂ ജീവൻ രക്ഷിക്കൂ” എന്നതാണ് ഇത്തവണത്തെ സന്ദേശം. “സുരക്ഷിതമായി വാഹനമോടിക്കൂ ജീവൻ രക്ഷിക്കൂ” എന്ന സന്ദേശവുമായി ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളേജും ചേർന്ന് മിനി മാരത്തൺ സംഘടിപ്പിച്ചിരുന്നു.
കോട്ടയത്ത് സംഘടിപ്പിച്ച പരിപാടിയിൽ അഞ്ഞൂറിലേറെ കായിക താരങ്ങൾ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കേരള വടംവലി അസോസിയേഷന്റെ സഹകരണത്തോടെ തൊടുപുഴയിൽ വടംവലി സംഘടിപ്പിക്കുന്നത്.
പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടാകും. 455 കെ.ജി ക്യാറ്റഗറിയിലാണ് മത്സരം.
മൊത്തം 2 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. സോക്കർ സ്കൂൾ മൈതാന പ്രത്യേകം തയാറാക്കിയ കോർട്ടിലാകും മത്സരം നടക്കുക. കാണികൾക്കായി ഗ്യാലറി ഒരുക്കുന്ന ഇടുക്കിയിലെ ഏക വടംവലി മത്സരം ആണ് ഇത്.
കേരള വടംവലി അസോസിയേഷനുമായി ചേർന്നു നടത്തിയ മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് കഴിഞ്ഞ വർഷം ലഭിച്ചത്. കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും ടീമുകൾ പങ്കെടുത്തിരുന്നു. ഇക്കുറിയും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ടീമുകൾ മത്സരത്തിനെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
Horizon Motors akhila kerala vadamvali