പത്തനംതിട്ടയിൽ അല്‍ഷിമേഴ്‌സ് രോഗിക്ക് ഹോം നേഴ്സിന്റെ ക്രൂരമർദ്ദനം. അടൂര്‍ സ്വദേശിയും വിമുക്തഭടനുമായ തട്ടയില്‍ വീട്ടില്‍ ശശിധര പിള്ളയാണ് ഉപദ്രവത്തിനു ഇരയായത്. രണ്ട് ദിവസം മുന്‍പാണ് സംഭവം.
അല്‍മിഷേഴ്‌സ് രോഗിയായ ശശിധര പിള്ളയെ നഗ്നനാക്കി വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
പത്തനാപുരം കുന്നിക്കോട് സ്വദേശി വിഷ്ണു എന്ന ഹോം നഴ്‌സാണ് ഇദ്ദേഹത്തെ ഉപദ്രവിച്ചത്.
അല്‍ഷിമേഴ്‌സ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് ശശിധര പിള്ള ജോലിയില്‍നിന്ന് വിരമിക്കുന്നത്. അതിന് ശേഷം അടൂരിലെ ഫ്‌ലാറ്റില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. അടൂരിലെ ഒരു സ്വകാര്യ നഴ്‌സിങ് ഏജന്‍സി വഴിയാണ് വിഷ്ണു ജോലിക്കെത്തിയത്.
സംഭവം നടക്കുമ്പോള്‍ ശശിധര പിള്ളയുടെ മറ്റ് ബന്ധുക്കള്‍ തിരുവനന്തപുരത്തായിരുന്നു.
നിലത്തുവീണ് ബോധം പോയെന്ന് പറഞ്ഞാണ് വിഷ്ണു ബന്ധുക്കളെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തിയത്. തുടർന്ന് ബന്ധുക്കള്‍ എത്തി അടൂരിലെ സ്വകാര്യ ആശുപത്രിയിലാക്കി.
ആശുപത്രിയിൽ നടത്തിയ പരിശോധനയില്‍ ശശിധരൻ പിള്ളയുടെ ശരീരത്തിലുള്ള പരിക്കുകള്‍ നിലത്ത് വീണപ്പോള്‍ സംഭവിച്ചതല്ലെന്ന് ഡോക്ടര്‍ കണ്ടെത്തി.
തുടർന്ന് സംശയം തോന്നിയ ബന്ധുക്കള്‍ സിസിടിവി പ്രരിശോധിച്ചപ്പോഴാണ് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ കൊടുമണ്‍ പോലീസ് കേസെടുത്തു വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.