കൊച്ചി: ഓണാഘോഷത്തിനിടെ കോഴിക്കോട് ഫറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളുടെ ഗതാഗത നിയമലംഘനത്തില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ എന്ത് നടപടിയുണ്ടായെന്ന് ഹൈക്കോടതി ചോദിച്ചു. സ്വമേധയാ എടുത്ത കേസ് ഇന്നുതന്നെ വീണ്ടും പരിഗണിക്കും.(High Court took up case on its own initiative in college students rash driving)
പത്ത് വാഹനങ്ങള്‍ പിടിച്ചെടുത്തെന്നായിരുന്നു കോടതിയില്‍ പോലീസ് മറുപടി നൽകിയത്. ഓണാഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലുമിരുന്ന് വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന വിഡിയോ കണ്ട ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഓണപരിപാടികളുടെ ഭാഗമായാണ് ഫറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. വാഹനങ്ങള്‍ക്ക് മുകളില്‍ ഇരുന്നും സണ്‍റൂഫിനുള്ളിലൂടെ പുറത്തേക്ക് നിന്നുമൊക്കെയായിരുന്നു യാത്ര. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടിയെടുത്തിരുന്നു.