കൊച്ചി: അധ്യാപന പരിചയമില്ലാത്ത കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗമായ രാഷ്ട്രീയക്കാരന്റെ നേതൃത്വത്തിലുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് അസിസ്റ്റന്റ് പ്രൊഫസറന്‍മാരെ തിരഞ്ഞെടുക്കാന്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി.
കേരള സര്‍വകലാശാലയില്‍ പുതുതായി തുടങ്ങിയ നാലുവര്‍ഷ ബിരുദ കോഴ്‌സില്‍ പഠിപ്പിക്കുവാന്‍ ഗസ്റ്റ് അധ്യാപകരെ(അസിസ്റ്റന്റ് പ്രൊഫസര്‍) തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യു ബോര്‍ഡില്‍ സിന്‍ഡിക്കറ്റ് സ്റ്റാഫ്കമ്മിറ്റി കണ്‍വീനറും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെഎസ് ഷിജുഖാന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടികയാണ് ജസ്റ്റിസ് എന്‍ നഗരേഷ് റദ്ദാക്കിയത്.
യുജിസി നിയമാവലി പ്രകാരം മാത്രമേ നിയമനം നടത്താവൂ എന്നാണ് ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്.
ഇന്റര്‍വ്യു കമ്മിറ്റി ചെയര്‍മാനായി വൈസ് ചാന്‍സലര്‍ (വിസി) നിര്‍ദ്ദേശിച്ച സീനിയര്‍ വനിതാ പ്രൊഫസറെ ഒഴിവാക്കിയാണ് സിപിഎമ്മിന് ഭൂരിപക്ഷമുള്ള സിന്‍ഡിക്കറ്റ് ഷിജുഖാനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിയോഗിച്ചതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്നും യുജിസി നിയമാവലിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.









