കൊച്ചി: പാതി വില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എന്‍ ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് അപേക്ഷ തള്ളിയത്. മൂവാറ്റുപുഴ പൊലീസ് ആണ് ആനന്ദകുമാറിനെതിരെ കേസെടുത്തിരുന്നത്.
പാതിവില തട്ടിപ്പ് കേസില്‍ പണം ലഭിച്ചത് ട്രസ്റ്റിനാണെന്നും വ്യക്തിപരമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ആനന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദിച്ചിരുന്നത്. എന്നാല്‍, ഇത് കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
നേരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ ജയിലിലേക്ക് മാറ്റിയിരുന്നു. നിലവിൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ് ആനന്ദ് കുമാർ. ജാമ്യം നൽകുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഉന്നയിച്ചത്.
അതേസമയം, 10 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ആനന്ദ് കുമാറിന് ആകെ രണ്ട് കേസുകളിൽ മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ഇയാളുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ ജയിലിൽ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.