കൊച്ചി: ക്ഷേമപെൻഷൻ വിതരണത്തിൽ സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. കുടിശ്ശികയായ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചുകൂടേയെന്ന് ഹൈക്കോടതി ചോദിച്ചു. ക്ഷേമപെൻഷൻ കിട്ടാത്തത് ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.(high court questions to government on welfare pension distribution)
ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പെൻഷൻ നൽകുന്നതിലേക്കുള്ള കേന്ദ്ര സർക്കാർ വിഹിതവും, സെസ് വഴി ലഭിക്കുന്ന തുക ഉള്‍പ്പെടെയുള്ള വിവരങ്ങൾ നൽകാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ നൽകാൻ കോടതി ആവശ്യപ്പെട്ടു.
കേന്ദ്ര വിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെൻഷൻ നല്‍കുന്നില്ല എന്ന് മറിയക്കുട്ടിയുടെ അഭിഭാഷക ഹൈക്കോടതിയെ ചൂണ്ടിക്കാട്ടി. തുടർന്നാണ് കുറച്ചെങ്കിലും പെൻഷൻ നൽകിക്കൂടേ എന്ന് കോടതി സർക്കാരിനോട് ചോദിച്ചത്. കേസ് ഈ മാസം 30ന് കോടതി വീണ്ടും പരിഗണിക്കും.