അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും
വാഷിങ്ടൺ ∙ അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും അതിശക്തമായ ശീതക്കാറ്റും വ്യാപക ദുരിതം വിതയ്ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 20 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. അതിശൈത്യമാണ് മരണങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ ദിവസങ്ങളിൽ ന്യൂയോർക്കിൽ മാത്രം എട്ടുപേരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ആറുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ശനിയാഴ്ചയും ഞായറാഴ്ചയും ഓരോ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഈ മരണങ്ങൾ അതിശൈത്യവുമായി നേരിട്ട് ബന്ധപ്പെട്ടതാണോ എന്നതിൽ അന്വേഷണം തുടരുകയാണെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു.
മരിച്ചവരിൽ പലരും ഭവനരഹിതരാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂയോർക്ക് സംസ്ഥാനത്തിലെ ഹഡ്‌സൺ വാലി മേഖല, മാസച്യുസെറ്റ്‌സ്, ഇലിനോയ്, മിസൗരി, ബോസ്റ്റൺ, ഒഹിയോ വാലി എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.
മഞ്ഞുവീഴ്ച ഇനിയും അവസാനിച്ചിട്ടില്ലെന്നും ഇന്നും ഒന്നുമുതൽ അഞ്ച് ഇഞ്ച് വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായും മാസച്യുസെറ്റ്‌സ് ഗവർണർ മൗറ ഹീലി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ യാത്രകൾ അതീവ അപകടകരമാണെന്നും അത്യാവശ്യമില്ലെങ്കിൽ വീടുകളിൽ തന്നെ തുടരണമെന്നും ഗവർണർ ജനങ്ങളോട് അഭ്യർഥിച്ചു.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യുഎസിൽ ഏഴുലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്.
ടെന്നസിയിലാണ് ഏറ്റവും കൂടുതൽ ബാധിതർ. അവിടെ മാത്രം 2.47 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസപ്പെട്ടതായി റിപ്പോർട്ടുണ്ട്.
മിസിസിപ്പി, ടെക്‌സസ്, വിർജിനിയ തുടങ്ങിയ സംസ്ഥാനങ്ങളിലും വൈദ്യുതിതടസ്സം ഗുരുതരമാണ്.
അതിശൈത്യവും ശീതക്കാറ്റും കാരണം രാജ്യത്താകെ പതിനായിരത്തിലേറെ വിമാന സർവീസുകളും റദ്ദാക്കേണ്ടിവന്നു.
പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട ക്യൂകളും യാത്രാവൈകല്യങ്ങളും തുടരുകയാണ്. അടിയന്തര സേവന വിഭാഗങ്ങൾ ജാഗ്രതയിലാണ്.
അതിശൈത്യം തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ മരണങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ ശക്തമാക്കുകയാണ് അധികൃതർ.









