തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തുനിന്നു പിൻവാങ്ങിയതായും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അടുത്ത രണ്ടു ദിവസം കേരളത്തിൽ തീവ്ര മഴയ്ക്കു സാധ്യതയുണ്ട്. ഇതോടൊപ്പം കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരത്തിന്റെയും കൊല്ലത്തിന്റെയും തീരമേഖലകളിൽ ഇന്നു രാത്രി 11.30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച വരെ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അടുത്ത രണ്ടു ദിവസം തീവ്ര മഴയ്ക്കു സാധ്യതയുള്ളത്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്നും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Heavy rain likely in Kerala for two days