മാസപ്പടി വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കു നോട്ടിസിനു നിർദേശം നൽകി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പെടെ 12 പേരെ എതിർകക്ഷികളാക്കിയാണു ഹർജി. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്നാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം
കേസിൽ സ്വമേധയാ കക്ഷി ചേര്‍ന്ന കോടതി, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ചു. ഹര്‍ജിയിൽ എല്ലാവരെയും കേൾക്കണമെന്നും, എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി. ഇതോടെ കേസിൽ എതിർകക്ഷികളുടെ വാദം കേൾക്കുമെന്നും ഉത്തരവ് വൈകുമെന്നും ഉറപ്പായി.
2023 ഓഗസ്റ്റ് 09 നാണ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്പനി 1.72 കോടി നല്‍കിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയത്. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം നേതാക്കളും സിഎംആര്‍എല്ലിൽ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തി. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാനുള്ള കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍റെ നീക്കം ഭരണപക്ഷവും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്ന് തടഞ്ഞു. മാത്യുവിന്‍റെ പ്രസംഗം സഭാരേഖകളില്‍ നിന്നു നീക്കി. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ പിന്തുണയും കുഴൽനാടന് ലഭിച്ചില്ല.
2023 ഓഗസ്റ്റ് 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണമാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലന്‍സിന് പരാതി നല്‍കി.എന്നാൽ ഓഗസ്റ്റ് 27 ന് ഗിരീഷ് ബാബുവിന്‍റെ പരാതി വിജിലന്‍സ് കോടതി തളളി. പിന്നാലെ ഹര്‍ജി തളളിയതിനെതിരെ ഹൈക്കോടതിയില്‍ ഗിരീഷ് ബാബു റിവിഷന്‍ പെറ്റിഷന്‍ സമര്‍പ്പിച്ചു. എന്നാൽ, ഇതിനിടെ പരാതിക്കാരന്‍ ഗിരീഷ് ബാബു മരിച്ചതോടെ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ കുടുംബത്തിന് താല്‍പര്യമില്ലെന്ന് ഗീരിഷിന്‍റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുകയായിരുന്നു.