പുതിയ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്
കയ്റോ: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചു. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മുന്നോട്ട് വച്ച വെടിനിർത്തൽ നിർദേശത്തിൽ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് ഹമാസ് വൃത്തങ്ങൾ എഎഫ്‌പിയെ അറിയിച്ചു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ഹമാസ് സമ്മതം അറിയിച്ചത്.
ഇതോടെ കഴിഞ്ഞ 22 മാസത്തിലേറെയായി മേഖലയിൽ തുടരുന്ന യുദ്ധത്തിന് വിരാമമായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. 60 ദിവസത്തെ പ്രാരംഭ വെടിനിർത്തലാണ് കരാറിന്റെ ആദ്യ ഘട്ടം.
പിന്നാലെ രണ്ടു ഘട്ടങ്ങളായി ബന്ദികളെ മോചിപ്പിക്കാനും മധ്യസ്ഥർ നിർദേശിച്ചതായി ഒരു പലസ്തീൻ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. ഗാസ വെടിനിർത്തൽ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
60 ദിവസത്തെ വെടിനിർത്തലിനും തുടർന്ന് ഹമാസ് തടവിലാക്കിയ 10 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ഈജിപ്ത്- ഖത്തർ നിർദേശം ഹമാസ് സമ്മതിച്ചതായി ദി നാഷനലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാൻ ഹമാസ് സമ്മതിച്ചതായാണ് റിപ്പോർട്ട്.
കീഴടങ്ങുന്നതിനുപകരം ആയുധങ്ങൾ ഉപേക്ഷിക്കാനും രാജ്യാന്തര മേൽനോട്ടത്തിൽ ആയുധങ്ങൾ സൂക്ഷിക്കാനും യുഎൻ മേൽനോട്ടത്തിൽ ഗാസയിൽ ഒരു അറബ് സേനയെ വിന്യസിക്കാനും ഹമാസ് സമ്മതിച്ചിട്ടുണ്ട്.
Summary: Hamas has accepted the new ceasefire agreement in Gaza without demanding any amendments, according to AFP. The decision marks a crucial step toward easing the ongoing conflict.









