തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. അഷ്ടമിരോഹിണി ദിനമായ ആഗസ്റ്റ് 26 നു ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനമൊരുക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു. ഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ പൊതുവരി നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും മുൻഗണന.(Guruvayur set for Sri Krishna Jayanti celebrations)
ഭക്തരുടെ സൗകര്യാർത്ഥം അന്നേ ദിവസം നിർമ്മാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് നേരെ വിടും. അതുകൊണ്ട് തന്നെ ക്ഷേത്രത്തിൽ പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. അഷ്ടമിരോഹിണി നാളിൽ ഭക്തജന തിരക്ക് പരിഗണിച്ച് വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തും.
മുതിർന്ന പൗരൻമാർക്കുള്ള ദർശനം പുലർച്ചെ നാലര മുതൽ 5.30 വരെയും വൈകിട്ട് അഞ്ച് മണി മുതൽ ആറ് മണി വരെയും മാത്രമാകും. തദ്ദേശീയർക്ക് ക്ഷേത്രത്തിൽ നിലവിൽ അനുവദിക്കപ്പെട്ട സമയത്ത് ദർശനമാകാം. ബാക്കിയുള്ള സമയത്ത് ക്ഷേത്ര ദർശനത്തിന് പൊതുവരി സംവിധാനം മാത്രം നടപ്പിലാക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം നൽകും.
ക്ഷേത്ര ദർശനത്തിനുള്ള പൊതുവരി സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലോ ഭക്തജനങ്ങൾക്ക് വരിനിൽപ്പിന് സൗകര്യം ഒരുക്കും. അഷ്ടമിരോഹിണി ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും. കാൽലക്ഷത്തിലേറെ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത.
രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പൈനാപ്പിൾ പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായവറവ്, അച്ചാർ, പുളി ഇഞ്ചി, പപ്പടം, മോര്, പാൽപായസം എന്നീ വിഭവങ്ങൾ ഉൾപ്പെടുന്നതാണ് പ്രസാദ ഊട്ട്. രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് നൽകും. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും. തെക്കേ നടയിലെ പ്രസാദ ഊട്ട് കേന്ദ്രമായ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലേക്കുളള ക്യൂ സംവിധാനം പട്ടര്കുളത്തിന് വടക്കുo തെക്കും ഭാഗത്ത് ഒരുക്കും.