അഹമ്മദാബാദ്:വിധി ന്യായം പുറപ്പെടുവിക്കുന്നതിൽ സഹ ജഡ്ജിയോട് പിണങ്ങി മുതിർന്ന ജഡ്ജി ബെഞ്ചിൽ നിന്നും ഇറങ്ങിപ്പോയി. ഗുജറാത്ത് ഹൈക്കോടതിയിലാണ് നീതിന്യായവ്യവസ്ഥയെ നാണകേടിലാക്കിയ സംഭവങ്ങൾ അരങ്ങേറിയത്.നികുതി സംബന്ധമായ കേസുകളിലൊന്ന് കേൾക്കുകയായിരുന്നു ഗുജറാത്ത് ഹൈക്കോടതിയിലെ രണ്ട് അംഗ ബഞ്ച്. പ്രവർത്തി പരിചയം കൊണ്ട് മുതിർന്ന അംഗമായ ജസ്റ്റിസ് ബീരൻ വൈഷ്ണവാണ് ആണ് ഒപ്പം ബഞ്ചിലുണ്ടായിരുന്ന താരതമ്യേന ജൂനിയറായ ജസ്റ്റിസ് മൗന ഭട്ടിനോടുള്ള അസ്വാരസ്യം പരസ്യമായി പ്രകടിപ്പിച്ചത്. ഹൈക്കോടതി നടപടികളുടെ തൽസമയ വെബ്കാസ്റ്റിങ് ഉണ്ടായിരുന്നതിനാൽ ഇരു ജഡ്ജിമാരും തമ്മിലുള്ള തർക്കം തൽക്ഷണം എല്ലാവരും കണ്ടു.
പുറത്തുവന്ന ദൃശ്യങ്ങളുടെ ഉള്ളടക്കം ഇങ്ങനെ:
കേസിൽ ബഞ്ച് ക്ലർക്കിന് ഉത്തരവ് പറഞ്ഞ് കൊടുക്കുകയാണ് ജസ്റ്റിസ് ബീരൻ വൈഷ്ണവ്.സമീപത്തിരുന്ന ജഡ്ജി മൗന ഭട്ട് ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സംസാരിക്കുന്നു.
ജസ്റ്റിസ് ബീരൻ വൈഷ്ണവ്: എങ്കിൽ നിങ്ങൾ വിയോജിക്കൂ
ജസ്റ്റിസ് മൗന ഭട്ട് വിശദീകരിക്കാൻ ശ്രമിക്കുന്നു
ജസ്റ്റിസ് ബീരൻ വൈഷ്ണവ്(വീണ്ടും): നിങ്ങൾ ഒന്നിൽ വിയോജിപ്പ് പ്രകടിപ്പിച്ചു, ഇപ്പോൾ മറ്റൊന്നിൽ…
ജസ്റ്റിസ് മൗന ഭട്ട് (വീണ്ടും വിശദീകരിക്കാൻ ശ്രമിക്കുന്നു): ഇത് വിയോജിപ്പിൻ്റെ പ്രശ്നമല്ല
ജസ്റ്റിസ് ബീരൻ വൈഷ്ണവ് (രൂക്ഷമായി): എങ്കിൽ പിറുപിറുക്കരുത്
ജസ്റ്റിസ് മൗന ഭട്ട് (വീണ്ടും വിശദീകരിക്കാൻ ശ്രമിക്കുന്നു): …. ഇതൊരു വിയോജിപ്പിൻ്റെ പ്രശ്നമല്ല എന്നാണ് ഞാൻ പറയുന്നത്
ജസ്റ്റിസ് ബീരൻ വൈഷ്ണവ് (കൂടുതൽ രൂക്ഷമായി): എങ്കിൽ നിങ്ങൾ പ്രത്യേക ഉത്തരവ് ഇറക്കൂ. വേറൊരു വിഷയവും ഇനി പരിഗണിക്കുന്നില്ല.
ഇത്രയും പറഞ്ഞ് ജസ്റ്റിസ് ബീരൻ വൈഷ്ണവ് എഴുന്നേറ്റ് സ്വന്തം ചേമ്പറിലേക്ക് മടങ്ങുന്നു.
ഉത്തരവിൽ വിയോജിപ്പ് ഉണ്ടെങ്കിൽ അത് പ്രത്യേകമായി തന്നെ ഉത്തരവിൽ രേഖപ്പെടുത്താം എന്നാണ് ജസ്റ്റിസ് ബീരൻ വൈഷ്ണവ് ഉദ്ദേശിച്ചത് എന്നാണ് സൂചന. അതിന് തയ്യാറാകാതെ സഹജഡ്ജി വീണ്ടും വിഷയം ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ ആണ് തർക്കമായത്. പക്ഷെ പെരുമാറ്റം പരിധിവിട്ടു എന്ന് തന്നെയാണ് പൊതു അഭിപ്രായം.
ഉച്ചയ്ക്കു ശേഷം കോടതി വീണ്ടും ചേർന്ന് ഇരുവരും കേസുകൾ കേട്ടു എന്നാണ് റിപ്പോർട്ടുകൾ. ജഡ്ജിമാർ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നതും പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും സ്വാഭാവികമാണെങ്കിലും ഈ വിധത്തിൽ ഭിന്നത പരസ്യമായി പ്രകടിപ്പിക്കുന്നത് അപൂർവമാണ്. ചൊവ്വാഴ്ച്ചയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ വർഷം ജൂലൈ 17 മുതലാണ് ഗുജറാത്ത് ഹൈക്കോടതി നടപടികൾ ലൈവായി സംപ്രേക്ഷണം ചെയ്ത് തുടങ്ങിയത്. പുറത്ത് വന്ന ദൃശ്യങ്ങൾ വിവാദമായതോടെ യൂട്യൂബിൽ നിന്നടക്കം വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്.