14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം! 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ….
ഗൂഡല്ലൂർ (തമിഴ്നാട്): 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ 14 മണിക്കൂർ നീണ്ട തീവ്ര രക്ഷാപ്രവർത്തനത്തിനൊടുവിൽ സൈന്യം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. മഞ്ഞുമ്മൽ ബോയ്സ് സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ഈ ദൗത്യം.
വ്യാഴാഴ്ച ഉച്ചയോടെയാണ് ചെങ്കൽപേട്ട സ്വദേശിയായ ശിവഗുരുനാഥൻ (30) സൂചിമല വ്യൂപോയിന്റിന് സമീപമുള്ള കൊക്കയിലേക്ക് വീണത്. സുരക്ഷാ സംവിധാനങ്ങളില്ലാത്ത വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ കാൽ വഴുതി ഏകദേശം 200 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ബോധം വീണ്ടെടുത്ത ശേഷം യുവാവ് ഡ്രൈവറെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് വനംവകുപ്പും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വൈകിട്ട് 5 മണിയോടെ തെർമൽ ഡ്രോൺ ഉപയോഗിച്ച് യുവാവ് വീണ സ്ഥലം കണ്ടെത്തി.
രാത്രി 9.30ഓടെ കൂനൂരിൽ നിന്നെത്തിയ മദ്രാസ് റെജിമെന്റിലെ സൈനികർ രക്ഷാദൗത്യം ഏറ്റെടുത്തു. മേജർ സരവണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ദൗത്യത്തിൽ മേജർ ഡോ. കവിത കയർ ഉപയോഗിച്ച് ചെങ്കുത്തായ പാറയിടുക്കിലേക്ക് ഇറങ്ങി യുവാവിന് പ്രാഥമിക ചികിത്സയും നൽകി.
രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലർച്ചെ 4 മണിയോടെ സ്ട്രെച്ചറിലാക്കി കയർ ഉപയോഗിച്ച് യുവാവിനെ സുരക്ഷിതമായി മുകളിലെത്തിച്ചു. തുടർന്ന് ഏകദേശം ഒരു കിലോമീറ്റർ ചുമന്നാണ് റോഡിലെത്തിച്ചത്. ഏകദേശം 150 പേർ പങ്കെടുത്ത വൻ ദൗത്യം വിജയകരമായി പൂർത്തിയായി.
കാട്ടാനകളുടെ സാന്നിധ്യം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നെങ്കിലും ഡ്രോണിന്റെ സഹായത്തോടെ അവയെ നിരീക്ഷിക്കുകയും അകറ്റി നിർത്തുകയും ചെയ്തു. നിലവിൽ ഊട്ടി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.
അതേസമയം, ഇയാൾ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary
A 30-year-old man who fell nearly 200 feet into a gorge near Gudalur, Tamil Nadu, was rescued after a 14-hour intensive operation by the Indian Army. The incident, reminiscent of the film Manjummel Boys, involved coordinated efforts by forest officials, fire force, and the Madras Regiment. Despite challenges like steep terrain and the presence of wild elephants, the team successfully brought him to safety. The victim is now stable in hospital, though police have launched an investigation after finding the address he provided was fake.









