തിരുവനന്തപുരം: ഷാരോണ്‍വധക്കേസില്‍ പ്രതിയായ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ മാതാപിതാക്കള്‍ രംഗത്ത്. വിചാരണ വൈകിപ്പിച്ചതില്‍ ദുരൂഹതയുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ബോധിപ്പിക്കുമെന്നും ഷാരോണിന്റെ കുടുംബം. സ്വകാര്യ ചാനലിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലാണ് ഷാരോണിന്റെ മാതാപിതാക്കള്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. അന്വേഷണത്തിന്റെ തുടക്കംതൊട്ടു തന്നെ പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ഷാരോണിന്റെ കുടുംബം നേരത്തെയും ആരോപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 11നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. ശാരീരിക അസ്വസ്ഥത തോന്നിയ ഷാരോണിനെആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ ഷാരോണ്‍ മരണമടഞ്ഞു.
സാധാരണ മരണമെന്ന നിഗമനത്തിലാണ് പോലീസ് ആദ്യം എത്തിച്ചേര്‍ന്നത്. പെണ്‍കുട്ടിയുടെ ശബ്ദസന്ദേശങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെയാണ് റൂറല്‍ എസ്.പി ഡി. ശില്‍പ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതോടെ കേസന്വേഷണം വേഗത്തിലാകുകയും ചെയ്തു. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് താന്‍ തന്നെയാണ് ഷാരോണിന്റെ കൊലയാളിയെന്ന് ഗ്രീഷ്മ സമ്മതിച്ചത്.
മറ്റൊരു വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചത്. ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ ഷാരോണ്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് വിഷം നല്‍കിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ഷാരോണിനെ വകവരുത്താന്‍ മാനസികമായി തയാറെടുത്ത ശേഷമാണ് വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. കോപ്പര്‍ സള്‍ഫേറ്റാണ് ഗ്രീഷ്മ ജ്യൂസിലും കഷായത്തിലും കലര്‍ത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ തകര്‍ന്ന് സാവധാനത്തില്‍ മരണത്തിലേക്ക് നയിക്കുന്ന രാസവസ്തുവാണ് കോപ്പര്‍ സള്‍ഫേറ്റ്. കീടനാശിനിയുടെ പേര് വെളിപ്പെടുത്തിയിരുന്നെങ്കില്‍ ഷാരോണിനെ രക്ഷപെടുത്താമായിരുന്നു. എന്നാല്‍ ആ അവസരവും ഗ്രീഷ്മ നിഷേധിച്ചു. എന്നാല്‍ ഗ്രീഷ്മയോടുള്ള അമിതസ്‌നേഹം മൂലം മരണമൊഴിയില്‍ പോലും പ്രണയിനിയെ ഒറ്റിക്കൊടുക്കാതെയാണ് ഷാരോണ്‍ ഈ ലോകത്തോട് വിട പറഞ്ഞത്.
അതേസമയം ഇന്നലെയാണ് ഗ്രീഷ്മ ജയില്‍ മോചിതയായത്. റിലീസിംഗ് ഓര്‍ഡറുമായി ഗ്രീഷ്മയുടെ അഭിഭാഷകന്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തി നടപടി പൂര്‍ത്തിയാക്കി. എന്നാല്‍ ജാമ്യനടപടികള്‍ വൈകിയതാണ് ജയില്‍ മോചനം വൈകാന്‍ കാരണമായത്.
Also Read:ഗ്രീഷ്മയുടെ കഷായത്തിന് ഇടക്കാലജാമ്യം