സ്വാധീനമുണ്ടെങ്കിൽ ജയിലിൽ എന്തും നടക്കും
കണ്ണൂർ ∙ സെൻട്രൽ ജയിലിൽ സ്വാധീനമുള്ള തടവു പുള്ളികൾക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്ന് ജയിൽ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ജയിലിൽ സുലഭമാണ്. ഇത് എത്തിച്ചു നൽകുന്നതിന് പ്രത്യേകം ആളുകളുണ്ട്. മൊബൈൽ ഉപയോഗിക്കാനും ജയിലിൽ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കണ്ണൂരിൽ തടവുകാർക്ക് യഥേഷ്ടം ലഹരി വസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഗോവിന്ദച്ചാമി പോലീസിന് നൽകിയ മൊഴി.
എന്നാൽ എല്ലാത്തിനും പണം നൽകണമെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തി. ജയിലിൽ ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചില പ്രതികളാണ് ജയിൽ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും നൽകിയ മൊഴിയും.
ജയിലിലാകുന്ന സിപിഎം പ്രവർത്തകർക്ക് വഴിവിട്ട സഹായങ്ങൾ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേതന്നെ ഉണ്ടായിരുന്നു. സിപിഎം നേതാക്കളായ ജയിൽ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണ് ജയിലിൽ വഴിവിട്ട കാര്യങ്ങൾ നടക്കുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി കണ്ണൂർ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതുവരെ അടുത്തിടെ പുറത്തു വന്നിരുന്നു. കൊടി സുനി പ്രവാസിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും ഹവാല പണമിടപാടും സ്വർണക്കടത്തും നിയന്ത്രിച്ചതും വരെ പുറത്തുവന്നിരുന്നു.
നല്ല ഭക്ഷണവും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ജയിലിൽ പ്രശ്നമുണ്ടാക്കിയിരുന്നു. ചില തടവുകാർക്ക് ഇതെല്ലാം യഥേഷ്ടം ലഭിക്കുന്നതുകൊണ്ടായിരിക്കാം ഗോവിന്ദച്ചാമിയും ലഹരി മരുന്ന് വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നതെന്നാണ് നിഗമനം. പിന്നീട് നിഷ്പ്രയാസം ഗോവിന്ദച്ചാമി ജയലിനു പുറത്തുചാടി. ജയിലിലെ അരാജകത്വത്തിന്റെ തെളിവാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും തുടർന്ന് പൊലീസിന് നൽകിയ മൊഴിയും.
വാർഡർമാർ മുഴുവൻ സമയവും ഫോണിൽ കളിക്കും; ഗ്ലാസും പ്ലേറ്റും പുറത്തെറിഞ്ഞ് ശബ്ദമുണ്ടാക്കിയാൽ പോലും ആരും തിരിഞ്ഞു നോക്കില്ല; പോലീസിന് നൽകിയ മൊഴിയിൽ ഗോവിന്ദച്ചാമി പറയുന്നത്….
കണ്ണൂർ: അഴിയറുക്കാൻ തുടങ്ങിയത് നാലു മാസം മുൻപാണെന്ന് ഗോവിന്ദചാമി. വാർഡർമാർ മുഴുവൻ സമയവും ഫോണിൽ കളിക്കും. തൊട്ടു മുന്നിലെ മുറിയിൽ ഉണ്ടായിട്ടും ആരും ശ്രദ്ധിക്കാറില്ല. ശ്രദ്ധ പരിശോധിക്കാൻ ഗ്ലാസും പ്ലേറ്റും പുറത്തെറിഞ്ഞ് പരീക്ഷിക്കും, വാർഡർമാർ ശബ്ദം കേൾക്കാറില്ല. കമ്പി നൂൽവണ്ണം ആയിട്ടും വാർഡർമാർ നോക്കിയില്ല. ജയിൽചാടാനുള്ള തീരുമാനം ശിക്ഷായിളവ് കിട്ടില്ലെന്ന് മനസ്സിലാക്കിയതോടെയാണ്. സഹതടവുകാർക്ക് തന്നോട് സഹതാപം തോന്നി. തന്റെ കഴിവ് കാട്ടിക്കൊടുക്കണമെന്ന് അവർ പറഞ്ഞതും ജയിൽചാട്ടത്തിന് പ്രചോദനമായെന്നു പിടികൂടിയതിന് പിന്നാലെ പോലീസിന് നൽകിയ മൊഴിയിൽ ഗോവിന്ദച്ചാമി പറഞ്ഞു.
ട്രെയിൻ മാർഗം കേരളത്തിൽ നിന്നും രക്ഷപ്പെടാനായിരുന്നു ഗോവിന്ദചാമിയുടെ പദ്ധതി. പക്ഷെ കയ്യിൽ പണമില്ലാത്തത് തടസ്സമായി. കാൽനടക്കാരോട് ചോദിച്ചപ്പോൾ റെയിൽവെ സ്റ്റേഷനിലേക്ക് അഞ്ച് കിലോമീറ്റർ ഉണ്ടെന്ന് പറഞ്ഞു. നടന്നു പോകുന്നതിനിടെ ഒരു ആശുപത്രിയുടെ ഭാഗത്തുവെച്ചു വഴിതെറ്റി. ഇടവഴിയിലൂടെ കറങ്ങി ഡിസിസി ഓഫിസിനു മുന്നിൽ എത്തി. അപ്പോഴാണ് നാട്ടുകാർ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ചോദ്യം ചെയ്തപ്പോൾ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഗോവിന്ദച്ചാമി പോലീസിനോട് വിവരിച്ചു.
എട്ടു മാസത്തെ ആസൂത്രിത നീക്കത്തിലൂടെയാണ് ജയിൽചാട്ടം നടപ്പാക്കിയത്. പകൽസമയം ഉറങ്ങി, രാത്രി ഉറങ്ങാതെ അഴി മുറിച്ചു. ബിസ്‌ക്കറ്റ് കവറുകൾ സൂക്ഷിച്ചുവെച്ചു. ജയിൽ ചാടുമ്പോൾ ഇലക്ട്രിക് ഫെൻസിങ്ങിൽ പിടിച്ചത് ബിസ്‌കറ്റിന്റെ കവർ ഉപയോഗിച്ചായിരുന്നു എന്നും ഗോവിന്ദച്ചാമി പറഞ്ഞു. റിപ്പർ ജയാനന്ദന്റെ ജയിൽചാട്ടം മാതൃകയാക്കിയെന്നും ഇയാൾ പറയുന്നു. ഒറ്റക്കയ്യും പല്ലും ഉപയോഗിച്ചാണ് തുണിയിലൂടെ കയറി മതിൽ ചാടിയത്. ഒരു കൈ ഉപയോഗിച്ച് തുണിയിൽ പിടിച്ച് കയറി. പിന്നീട് വായ ഉപയോഗിച്ച് തുണി കടിച്ചുപിടിച്ചു.
English Summary:
Govindachami, who was recently recaptured after escaping from prison, revealed shocking details about the internal conditions of Kannur Central Jail. In his statement to the police, he claimed that influential inmates receive all kinds of privileges, including unrestricted access to drugs like cannabis and the use of mobile phones. Dedicated individuals reportedly help smuggle contraband items into the prison. His statement confirms earlier reports of rampant drug availability inside the jail.