ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ ഗസ്റ്റ് ഹൗസിലെത്തി. എസ്എഫ്ഐ പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തിനിടെ കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് ഗവർണർ അകത്തു പ്രവേശിച്ചത്. ഡൽഹിയിൽ നിന്ന് വൈകിട്ട് ഏഴു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഗവർണർ, 7.15 ഓടെയാണ് സർവകലാശാലയിലെത്തിയത്. വന്‍ പൊലീസ് സന്നാഹത്തില്‍ പ്രധാന കവാടത്തിലൂടെയാണ് ഗവർണർ അകത്തുകടന്നത്. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ അകത്തുകയറ്റില്ലെന്ന് വ്യക്തമാക്കി എസ്എഫ്ഐ പ്രവർത്തകർ സമരം തുടരുകയാണ്. എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലാ കവാടത്തിൽ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.