തിരുവനന്തപുരം: നടി ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ഉയരുന്നു. നടി ശ്രീലേഖ മിത്രയുടെ ആരോപണം അന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടു. നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.(Government Pressured to remove Ranjith from Film Academy Chairman)
രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു. രഞ്ജിത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. ആരോപണം തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും നടപടി ഉണ്ടാകണമെന്നും പരാതിപ്പെടുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി പറഞ്ഞു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
നടിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംവിധായകൻ ആഷിഖ് അബു രംഗത്തെത്തി. നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും രഞ്ജിത്തിനെ പദവിയില്‍ നിന്നു മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു.