തിരുവനന്തപുരം: ഗൂഗിൾ മാപ്പിൽ വഴി തെറ്റിയതിനെ തുടർന്ന് സിമന്‍റുമായെത്തിയ ലോറി എത്തിയത് ആശുപത്രിയിൽ. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിയ ലോറി പാറശാലയിലെ ചെക്പോസ്റ്റ് കടന്ന് സഞ്ചരിക്കുമ്പോഴാണ് സംഭവം. വഴി തെറ്റിയതിന് പിന്നാലെ ലോറി നിയന്ത്രണം വിട്ട് മൂന്നംഗ കുടുംബം സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറി.(Google map directed wrong route; lorry collided with car)
ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ ഒരു ഭാഗം പൂർണമായി തകർന്നെങ്കിലും യാത്രക്കാർക്ക് പരിക്കുകളൊന്നുമില്ല. ഇന്നലെ രാവിലെ 9.30ന് പാറശാല താലൂക്ക് ആശുപത്രി കവാടത്തിനു മുന്നിൽ വെച്ചാണ് അപകടം നടന്നത്. നെടുവാൻവിള സ്വദേശി ക്ലാസ്റ്റിൻരാജ്, ഭാര്യപിതാവ്, ഭാര്യയുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്.
തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് സിമന്‍റുമായി എത്തിയ ടോറസ് ലോറി പാറശാല ആശുപത്രി ജംക്‌ഷനിൽ നിന്നു ബൈപാസിലേക്ക് പോകാൻ തിരിഞ്ഞെങ്കിലും ഗൂഗിൾ മാപ്പിലെ സൂചന തെറ്റായി മനസിലാക്കിയ ഡ്രൈവർ വലതു വശത്തുള്ള ആശുപത്രി റോഡിലേക്ക് തിരിയുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിൽ നൂറു മീറ്ററോളം സഞ്ചരിച്ച് താലൂക്ക് ആശുപത്രി വളപ്പിൽ കടന്നതോടെയാണ് വഴി തെറ്റിയെന്ന് മനസിലായത്.
തുടർന്ന് ദേശീയപാതയിലേക്ക് കടക്കുന്ന കുത്തനെയുള്ള ഇറക്കത്തിലേക്ക് വണ്ടി എടുത്തതോടെ നിയന്ത്രണം വിട്ടു ദേശീയപാതയിലേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയം റോഡിന്‍റെ മറുവശത്തിലൂടെ നെയ്യാറ്റിൻകര നിന്നു പാറശാല ഭാഗത്തേക്ക് പോയ ഓൾട്ടോ കാറിൽ ഇടിച്ച ലോറി മുന്നോട്ട് നിരങ്ങി നിന്നു. കുത്തിറക്കത്തിൽ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടെന്നാണു അപകടത്തിന് പിന്നാലെ ഡ്രൈവറുടെ വിശദീകരണം.